വിമാനം വന്നില്ലെങ്കിലും വഴിനടക്കേണ്ടേ...

എരുമേലി : നിർദിഷ്ട വിമാനത്താവളഭൂമിയാണെങ്കിലും, ചെറുവള്ളി എസ്റ്റേറ്റിലേക്കുള്ള യാത്ര ദുഷ്കരം. റോഡുകൾ വലിയ കുഴികളായി. ഒാട്ടോയും ടാക്സിയും ഒാട്ടം വരില്ല. ഇവിടെ ജോലിചെയ്യുന്നവരെ ഒാർത്തെങ്കിലും പാതകൾ ശരിയാക്കണമെന്നാണ് ആവശ്യം.
പ്രതിസന്ധികൾ രൂക്ഷമെന്ന് തൊഴിലാളികൾ. നിർദിഷ്ട ശബരിമല വിമാനത്താവളപദ്ധതിക്കായി സർക്കാർ കണ്ടെത്തിയ ഭൂമിയിൽ വിമാനം ഉയരുമോ, താഴുമോ എന്നതിന് വർഷങ്ങൾ കഴിഞ്ഞിട്ടും തീരുമാനമില്ലാത്ത സാഹചര്യം. മുക്കടയിൽനിന്നും എരുമേലിയിൽനിന്നും കരിമ്പിൻതോട്ടിൽനിന്നുമുള്ള വഴികൾ വളരെ മോശമാണ്.
തൊഴിലാളികളുടെ താമസസൗകര്യം മെച്ചമാക്കൽ, ജീവിതസാഹചര്യം ഉറപ്പാക്കൽ, എയർപോർട്ടിൽ ജോലി തുടങ്ങിയ വാഗ്ദാനപ്പെരുമഴയൊന്നും ഇപ്പോൾ ഇല്ല. നിലവിൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ഏറെയുണ്ടുതാനും.
എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് അടിസ്ഥാനസൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാവശ്യപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റ് പഞ്ചായത്തംഗം ഷീബാ രമണൻ എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ.യ്ക്ക് നിവേദനം നൽകി.
നിവേദനത്തിലെ ആവശ്യങ്ങൾ...
റോഡുകൾ സഞ്ചാരയോഗ്യമാക്കുക.
യാത്രാക്ലേശം പരിഹരിക്കാൻ പ്രിയദർശിനി സർവീസ്.
കുടിവെള്ളക്ഷാമം പരിഹരിക്കണം.
അങ്കണവാടി ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ.
കുന്നംകുളം കോളനിയിലെ പഞ്ചായത്ത് കിണർ ആഴംകൂട്ടി സംരക്ഷണഭിത്തി കെട്ടി ഉപയോഗയോഗ്യമാക്കണം.