പ്രതിഷേധം ഫലം കണ്ടു; മണിമല റോഡിൽ കുരിശുങ്കലിലെ നിയന്ത്രണം മാറ്റും

കാഞ്ഞിരപ്പള്ളി : ഒടുവിൽ പ്രതിഷേധങ്ങൾക്ക് ഫലം കണ്ടു, കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ കുരിശുങ്കലിലെ ഗതാഗത നിയന്ത്രണം ഒഴിവാക്കുന്നതിനുള്ള നിർമാണം തുടങ്ങി. ബൈപ്പാസിന്റെ മേൽപ്പാലത്തിന്റെ തൂണ് നിർമിക്കുന്നതിനായി റോഡിന്റെ പകുതിഭാഗത്തായെടുത്ത കുഴിയടയ്ക്കുന്ന പ്രവർത്തനങ്ങളാണ് തുടങ്ങിയത്.
റോഡിലെ കുഴിയിൽ മണ്ണിടുന്ന ഭാഗം വലിയ വാഹനങ്ങൾ കയറുമ്പോൾ താഴ്ന്നുപോകാൻ സാധ്യതയുള്ളതിനാൽ റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്നുണ്ട്. എന്നാൽ, ചിറ്റാർ പുഴയോരത്ത് മണ്ണെടുത്ത ഭാഗത്ത് സംരക്ഷണഭിത്തി നിർമാണം നടത്തിയിട്ടില്ല. ഏഴ് ദിവസത്തിനുള്ളിൽ ബസുകൾ അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്ന രീതിയിൽ റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമാണ കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞ മേയ് 18-നാണ് റോഡ് അടച്ചത്. മണിമല റോഡിന്റെ പകുതി ഭാഗം കുഴിയെടുത്താണ് തൂണിന്റെ അടിത്തറയൊരുക്കിയത്. തൂണിന്റെ അടിത്തറയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന്റെ പകുതിഭാഗം കുഴിച്ചതോടെയാണ് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇതോടെ അഞ്ചിലിപ്പ, ചേനപ്പാടി, വിഴിക്കിത്തോട്, മണിമല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുന്നുംഭാഗത്തെത്തി ടി.ബി. റോഡിലൂടെയും എ.കെ.ജെ.എം. സ്കൂളിന് എതിർവശത്തുള്ള റോഡുകളിലൂടെയുമാണ് ഗതാഗതം നടത്തിയിരുന്നത്.
തൂൺ റോഡിനൊപ്പം ഉയർന്നതോടെ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ചെറുവാഹനങ്ങൾ കടന്നുപോകാൻ വഴിയൊരുക്കിയിരുന്നു. എന്നാൽ, ബസുകൾ കടന്നുപോകാൻ വഴിയൊരുക്കാത്തതിനെ തുടർന്ന് ബസ് ഉടമകൾ അഞ്ചിലിപ്പ, ചേനപ്പാടി, വിഴിക്കിത്തോട്, മണിമല ഭാഗത്തേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ച് സമരം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് റോഡിലെ കുഴി നികത്തി അഞ്ചുമാസത്തിന് ശേഷം പാത ഗതാഗതയോഗ്യമാക്കാൻ അധികൃതർ തീരുമാനിച്ചത്.
മേൽപ്പാലം നിർമാണം പുരോഗമിക്കുന്നു
ബൈപ്പാസിനായി നിർമിക്കുന്ന ചിറ്റാർ പുഴയ്ക്കും മണിമല റോഡിനും കുറുകേയുള്ള മേൽപ്പാലത്തിന്റെ രണ്ട് തൂണുകളുടെയും ഇരുവശങ്ങളിലെ സംരക്ഷണഭിത്തിയോട് ചേർന്നുള്ള തൂണിന്റെയും ചിറ്റാർപുഴയ്ക്ക് ഇരുകരകളിലായുള്ള തൂണുകളുടെയും നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. നിർമാണം നിലച്ച ബൈപ്പാസിന്റെ മേൽപ്പാല നിർമാണം കഴിഞ്ഞ മേയിലാണ് പുനരാരംഭിച്ചത്. രണ്ട് ഘട്ട കോൺക്രീറ്റിങ് കൂടിയാണ് പൂർത്തിയാകാനുള്ളത്.