മണിമലയിൽ വഴിതെറ്റി വാഹനങ്ങൾ

മണിമല : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മണിമല സെൻട്രൽ ജങ്ഷനിൽ ദിശാസൂചികയില്ലാത്തത് വാഹനയാത്രക്കാരെ വലയ്ക്കുക്കുന്നു. സംസ്ഥാന പാതയിൽനിന്ന് ഇടത്തോട്ട് മണിമല പാലം വഴി എരുമേലി, റാന്നി ഭാഗത്തേക്ക് പോകേണ്ട തീർഥാടക വാഹനങ്ങളും മറ്റ് വാഹനങ്ങളുമാണ് വഴിതെറ്റുന്നത്.

കോട്ടയത്തുനിന്നും കൊടുങ്ങൂർ-മണിമല റോഡിലൂടെ എത്തുന്ന അന്യ സംസ്ഥാന തീർഥാടക വാഹനങ്ങൾ സെൻട്രൽ ജങ്ഷനിൽനിന്ന് നേരെ ചങ്ങനാശ്ശേരി റോഡിലൂടെ കിലോമീറ്ററുകൾ ഓടിയശേഷമാണ് വഴിതെറ്റിയതായി മനസ്സിലാക്കുന്നത്.

മണിമലയിലെ വ്യാപാരികൾ സ്ഥാപിച്ച ഒരു ചെറിയ ബോർഡ് വാഹനയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടില്ല. സംസ്ഥാനപാതയുടെ നിർമാണം നടക്കുന്നതിനുമുൻപ് മണിമല കവലയിലുണ്ടായിരുന്ന റൗണ്ടാനയിൽ ദിശാബോർഡുകൾ സ്ഥാപിച്ചിരുന്നു. സംസ്ഥാനപാതയുടെ നിർമാണവേളയിൽ റൗണ്ടാന ഇല്ലാതായി. എന്നാൽ അന്യ സംസ്ഥാന വാഹനയാത്രക്കാർക്ക് തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ദിശാബോർഡ് സ്ഥാപിക്കാൻ കെ.എസ്.ടി.പി. നടപടി സ്വീകരിച്ചിട്ടില്ല.