മള്ളിയൂർ ഉത്സവക്കാലത്തും നന്നാക്കാതെ റോഡ്

മള്ളിയൂർ : വിനായകചതുർഥി ദിനത്തിലെങ്കിലും കുണ്ടും കുഴിയും താണ്ടാതെ മള്ളിയൂർ വൈഷ്ണവഗണപതിയെ ദർശിക്കാൻ അവസരം ഒരുക്കണമെന്നാണ് ഭക്തരുടെ ആവശ്യം. കല്ലറ-ആലപ്പുഴ ഹൈവേയിൽ മള്ളിയൂർ കവലയിലാണ് അപകടം വിതയ്ക്കുന്ന കുഴികൾ. നിത്യേന നൂറ്കണക്കിന് ഭക്തർ വന്നുപോകുന്ന മള്ളിയൂരിൽ ചതുർഥിദിനം ദർശനത്തിന് എത്തുക ആയിരങ്ങളാണ്. റോഡ് നല്ലതാണെങ്കിൽതന്നെ ഇവിടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും ഉണ്ടാകും.
റോഡുകൂടി തകർന്നതോടെ ഇത് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാകും. കല്ലറ–ആലപ്പുഴ ഹൈവേയിൽനിന്ന് മള്ളിയൂരിലേക്ക് തിരിയുന്ന ഭാഗത്താണ് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം സാധാരണ യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. മള്ളിയൂരിൽ ഉത്സവം കൊടിയേറിയതുമുതൽ രാപകൽ വ്യത്യാസമില്ലാതെ ആഘോഷവേദിയിലേക്ക് ഭക്തരെത്തുന്നു. രാത്രി വൈകിയാണ് മടക്കം. ഇരുചക്രവാഹനങ്ങളിലടക്കം ഭക്തരെത്തുന്നു. ഇരുചക്രവാഹനയാത്രികരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. മറ്റ് വാഹനങ്ങളും തകരാറിലാകുന്നു.
ഭക്തരോടുള്ള വെല്ലുവിളി
മള്ളിയൂർ ക്ഷേത്രം ഇതര സംസ്ഥാനങ്ങളിൽനിന്നടക്കം ഭക്തരെത്തുന്ന പുണ്യസങ്കേതമാണ്. സുരക്ഷിതയാത്രാ സൗകര്യമൊരുക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണ്.
പള്ളിക്കൽ സുനിൽ, ഭാഗവതാചാര്യൻ, പൗർണമിക്കാവ് ക്ഷേത്രം പി.ആർ.ഒ., തിരുവനന്തപുരം
കുഴിയടയ്ക്കണം
തിങ്കളാഴ്ചയാണ് വിനായക ചതുർഥി. സംസ്ഥാനത്തിന് പുറത്തുനിന്നടക്കം ഭക്തരെത്തും.
റോഡ് ഗതാഗതയോഗ്യമാക്കാൻ അധികാരികൾ തയ്യാറാകണം.
പി.ആർ. ഭാസി, കണ്ണന്തറ തണ്ണീർമുക്കം
വീഴുന്നത് ഇരുചക്രവാഹനയാത്രികർ
ഏറ്റവും തിരക്കേറിയ ഹൈവേയാണ് കല്ലറ-ആലപ്പുഴ റോഡ്. ഇക്കൂട്ടത്തിലാണ് മള്ളിയൂരിലേക്കും ആദിത്യപുരത്തേക്കും അടക്കമുള്ള ഭക്തരും. നാട്ടുകാരും ഭക്തരും അടക്കം ഇവിടെ അപകടത്തിൽപ്പെടുന്നു.
പി.സി. മലർവാസൻ, വാഴക്കുഴിയിൽ, മേമുറി