ഭക്തർ നേരത്തേ വരും;കാനനപാതയും തുറക്കുമോ

എരുമേലി : തീർഥാടനത്തിനായി 17-ന് ശബരിമലയിൽ നടതുറക്കുമ്പോൾ, ഭക്തരുടെ സൗകര്യാർഥം എരുമേലിയിൽനിന്നുള്ള കാനനപാത രണ്ട് ദിനംമുമ്പേ തുറക്കണമെന്ന് ആവശ്യം. ഇതര സംസ്ഥാനങ്ങളിൽനിന്നും നടന്നുവരുന്ന ഭക്തർ, വനപാത തുടങ്ങുന്ന എരുമേലി കോയിക്കക്കാവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ കാത്തുനിൽക്കേണ്ട സാഹചര്യവും, പ്രതിഷേധിച്ച് ബഹളംവെയ്ക്കുന്ന കാഴ്ചകളുമായിരുന്നു മുൻവർഷങ്ങളിൽ.

ചിലർ വനപാലകരുടെ എതിർപ്പിനെ വകവെയ്ക്കാതെ പാതയിലൂടെ കടന്നുപോയി. ഒരുദിവസം മുമ്പെങ്കിലും പരമ്പരാഗത കാനനപാത തുറന്നെങ്കിലേ, നടന്നുവരുന്ന ഭക്തർക്ക് വൃശ്ചികം ഒന്നിന് പുലർച്ചെ സന്നിധാനത്തെത്താനാവൂ. ആദ്യദിനത്തിൽ പ്രഭാതദർശനം ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഭക്തരാണ് എരുമേലിയിൽനിന്നും കോയിക്കക്കാവ്, അഴുതക്കടവ് വഴി പരാമ്പരാഗത പാതയിലൂടെ പോകാൻ തലേന്നേ എത്തുന്നത്. ഇക്കുറിയും മണ്ഡലകാലം തുടങ്ങുന്ന 17-ന് കാനനപാത തുറക്കാനാണ് തീരുമാനമെന്ന് സൂചന. എരുമേലി വനമേഖലയിലെ കോയിക്കക്കാവിൽനിന്നും കാളകെട്ടി-അഴുതക്കടവ് വരെ മുൻവർഷത്തെപ്പോലെ രാവിലെ ആറുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെയാണ് ഭക്തരെ കടത്തിവിടുന്ന സമയം.

പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായ അഴുക്കടവ് മുതൽ മുക്കുഴിവരെ രാവിലെ ഏഴ് മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെയും മുക്കുഴിയിൽനിന്നും പമ്പയിലേക്ക് രാവിലെ ഏഴുമണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെയുമാണ് യാത്രയ്ക്ക് അനുമതി. പരമ്പരാഗത കാനനപാത ഒരുദിവസം മുമ്പെങ്കിലും തുറക്കണമെന്നും, പകൽ യാത്രാസമയം കൂട്ടണമെന്നും ആവശ്യം ഉയരുന്നു.

പാത തെളിക്കൽ

:എരുമേലി മുതൽ കാളകെട്ടി വരെ പാത വ്യാഴാഴ്ച തെളിക്കുമെന്ന് റേഞ്ച് ഓഫീസർ കെ.വി. രതീഷ് പറഞ്ഞു. പാതയിൽ 90-സേവനകേന്ദ്രങ്ങൾ ഉണ്ടാവും. സേവനകേന്ദ്രങ്ങൾവഴി വെള്ളവും വെളിച്ചവും ക്രമീകരിക്കും.അഴുതക്കടവിൽനിന്നും പമ്പ വരെയുള്ള പാത വ്യാഴാഴ്ച തെളിക്കുമെന്ന് പമ്പാ റേഞ്ച് ഓഫീസർ എം.കെ. മുകേഷ് പറഞ്ഞു. പാതയിൽ അഴുതക്കടവ്, പുതുശ്ശേരി, കരിമല തുടങ്ങി ആറ് ഇടങ്ങളിൽ വൈദ്യസഹായകേന്ദ്രങ്ങൾ ഉണ്ട്. വിരിവെച്ച് വിശ്രമിക്കാൻ ഇടങ്ങളും 458 ശൗചാലയങ്ങളുമുണ്ട്. 194 സേവനകേന്ദ്രങ്ങളാണുള്ളത്