ദേശീയപാതയോരത്ത് കമ്പി, മണ്ണ്, കല്ല് കൂമ്പാരം

മുണ്ടക്കയം : കൊട്ടാരക്കര -ഡിണ്ടിഗൽ ദേശീയപാതയിൽ ചോറ്റിക്കും ചിറ്റടിക്കും ഇടയിൽ വൻതോതിൽ കെട്ടിടാവശിഷ്ടങ്ങളും മാലിന്യവും തള്ളുന്നു.

ടാർ ചെയ്തഭാഗം കഴിഞ്ഞ് വലിയ വാഹനങ്ങൾക്കുപോലും പാർക്ക് ചെയ്യാൻപറ്റുന്ന പുറമ്പോക്ക് പ്രദേശത്താണ് ഇത്തരത്തിൽ കോൺക്രീറ്റ് അവശിഷ്ടങ്ങളും കമ്പിയും കല്ലും മണ്ണും അടക്കം തള്ളുന്നത്.

ഇതിനുസമീപത്ത് വഴിയോര കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങാനും ഇത് ബുദ്ധിമുട്ടാകുന്നു.തിരക്ക് കുറഞ്ഞപ്രദേശവും വലിയ കച്ചവടസ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തതുമായ ഇവിടെ വിശ്രമത്തിന് ചെറിയ വാഹനങ്ങളിൽ യാത്രചെയ്യുന്നവർ നിർത്തുക പതിവാണ്. ഇവർക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മഴപെയ്താൽ പ്രദേശമാകെ ചെളി നിറയും. ഇതുവഴി നടക്കാനോ വാഹനം പാർക്ക് ചെയ്യാനും പറ്റാത്തവിധം വൃത്തിഹീനമാകുകയാണ് റോഡിന്റെ ഇരുവശങ്ങളും.

ഇതിന് സമീപത്തെ അട്ടിവളവിൽ നിരീക്ഷണക്യാമറ സ്ഥാപിച്ചിട്ടുണ്ട്.

എങ്കിലും ഇവിടങ്ങളിൽ ക്യാമറ സ്ഥാപിക്കാത്തത് മാലിന്യംതള്ളുന്നവർക്ക് കൂടുതൽ സൗകര്യമാകുന്നു. രാത്രി ടിപ്പറുകളിലാണ് മാലിന്യം എത്തിക്കുന്നത്.

പ്രദേശത്ത് നിരീക്ഷണക്യാമറ സ്ഥാപിക്കുകയോ പോലീസിന്റെ രാത്രികാല പട്രോളിങ് നടത്തുകയോ വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.