റോഡ് സൂപ്പറാക്കി പാലത്തെ മറന്നു

കോരിക്കൽ പാലം അപകടാവസ്ഥയിൽ
തലയോലപ്പറമ്പ് : തലയോലപ്പറമ്പ്-പഴമ്പെട്ടി റോഡ് നന്നാക്കിയെങ്കിലും റോഡ് കടന്നുപോകുന്ന പാലത്തെ മറന്നു. പാലം നന്നാക്കാൻ നടപടിയില്ല.2018-ലെ പ്രളയത്തിലാണ് റോഡും കോരിക്കൽ പാലത്തിന്റെ കൈവരികളും തകർന്നത്. ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലിനെ തുടർന്ന് 2023-ൽ മൂന്ന് കിലോമീറ്റർ ദൂരത്തിൽ ആധുനിക നിലവാരത്തിൽ റോഡ് നിർമിച്ചു.
എന്നാൽ തകർന്ന പാലത്തെ പി.ഡബ്ല്യു.ഡി. അവഗണിച്ചു.കുറുന്തറപ്പുഴയ്ക്കു കുറുകേയുള്ള പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട് പാടശേഖരങ്ങളിലേക്ക് വരുന്ന വാഹനങ്ങളും സ്കൂൾ ബസുകളും സ്വകാര്യബസും കെ.എസ്.ആർ.ടി.സി. ബസുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് പ്രതിദിനം പാലത്തിലൂടെ പോകുന്നത്.അപകടാവസ്ഥയിലായ പാലത്തിലൂടെ ആളുകൾ ഭയത്തോടെയാണ് നടന്നുപോകുന്നത്. അപകടം ഉണ്ടാകുന്നതിനുമുമ്പ് പാലം പൊളിച്ചു നിർമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.