രാമപുരം ബൈപ്പാസ് കുതിച്ചില്ല, കിതച്ചു...

ഒന്നരപ്പതിറ്റാണ്ട്; മുന്നോട്ടുപോകാതെ ബൈപ്പാസ് നിർമാണം
2010-ൽ ബൈപ്പാസിനുള്ള പണികൾ തുടങ്ങി. ഏതാനും ആളുകളുടെ സ്ഥലങ്ങൾ ഏറ്റെടുത്തു. പിന്നീട് നിലച്ചു
രാമപുരം : ഒന്നരപ്പതിറ്റാണ്ടുമുമ്പ് നിർമാണം തുടങ്ങിയ രാമപുരം ബൈപ്പാസ് എങ്ങുമെത്തിയില്ല. പാലാ- കൂത്താട്ടുകുളം റോഡിൽ രാമപുരം ടൗൺ ഒഴിവാക്കിയാണ് രണ്ടുകിലോമീറ്റർ ദൂരത്തിൽ പദ്ധതി വിഭാവനം ചെയ്തത്.
വെള്ളിലാപ്പിള്ളി പാലത്തിന് സമീപത്തുനിന്ന് തിരിഞ്ഞ് പുതുവേലി തോടിന്റെ തീരംവഴി അമ്പലം ജങ്ഷനിലെത്തി വീണ്ടും പാലാ- കൂത്താട്ടുകുളം റോഡിൽ പ്രവേശിക്കുന്നവിധമാണ് പദ്ധതി. 2010-ൽ ബൈപ്പാസിനുള്ള പണികൾ തുടങ്ങി. ഏതാനും ആളുകളുടെ സ്ഥലങ്ങൾ ഏറ്റെടുത്തു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. കൃഷ്ണൻ നായർ റോഡ് പണിയുടെ ഉദ്ഘാടനം നടത്തി. തോടിനോട് ചേർന്നുള്ള പുറമ്പോക്കുഭൂമിയിലൂടെയാണ് റോഡ് നിർമിക്കാൻ തുടക്കമിട്ടത്. വില്ലേജ് അധികൃതർ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി. തോടിന്റെ തീരത്ത് കല്ലുകെട്ടിയും തോടിന് ആഴംകൂട്ടിയും മണ്ണെടുത്ത് റോഡിൽ ഒരുകിലോമീറ്ററോളം ദൂരത്തിൽ നിരത്തിയിരുന്നു. എന്നാൽ, തുടർനടപടികൾ നിലച്ചു.
ഇവിടെ റോഡ് നിർമിക്കാൻ ആവശ്യമായ തോട് പുറമ്പോക്ക് എല്ലാ സ്ഥലങ്ങളിലുമുണ്ട്. പാടശേഖരങ്ങളുടെ ഏതാനും ഭാഗങ്ങൾ കൂടി ഏറ്റെടുത്താൽ മാത്രമേ നിർമാണം പൂർത്തിയാക്കാൻ സാധിക്കൂ. ഇതിനുള്ള തുടർനടപടികളില്ലാതെ വന്നതോടെ നിർമാണം നിലയ്ക്കുകയായിരുന്നു.
ഇനിയും വൈകരുത്
രാമപുരം വലിയ തീർഥാടനകേന്ദ്രമായി വളർന്നുകൊണ്ടിരിക്കുന്നു. നാലമ്പലങ്ങളിലും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനാൽ പ്രസിദ്ധമായ രാമപുരം പള്ളിയിലും ദർശനം നടത്താൻ വിവിധ സ്ഥലങ്ങളിൽനിന്ന് ധാരാളം തീർഥാടകർ എത്തുന്നതിനാൽ പലപ്പോഴും ഗതാഗത തടസ്സങ്ങൾ ഉണ്ടാകുക പതിവാണ്. ഈ ബൈപ്പാസ് റോഡ് കൊണ്ടാട് കുരിശുപള്ളി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡുമായി യോജിപ്പിച്ച് കൊണ്ടാട് ജങ്‌ഷൻ- വെള്ളിലാപ്പിള്ളി ബൈപ്പാസ് റോഡായി നിർമാണം പൂർത്തിയാക്കുന്നതിന് നടപടി വേണം.
-എം.പി. കൃഷ്ണൻ നായർ, പൊതുപ്രവർത്തകൻ
സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം
ബൈപ്പാസ് നിർമാണം നടത്തുന്നതിന് പഞ്ചായത്തിന് മാത്രം സാധിക്കില്ല. പാടങ്ങളും ഏതാനും വീടുകളും ഏറ്റെടുക്കേണ്ടിവരും. പദ്ധതി സർക്കാരിനെകൊണ്ട് ഏറ്റെടുപ്പിക്കാൻ പഞ്ചായത്ത് ശ്രമിക്കുകയാണ്. ഉടൻ അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
-കെ.കെ. ശാന്താറാം, പഞ്ചായത്ത് പ്രസിഡന്റ്