യാത്രക്കാരെ വലച്ച്... ബസുകളുടെ ബലപരീക്ഷണം

തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിലേക്കുള്ള വീതികുറഞ്ഞ ഏകവഴിയിൽ ഒരേസമയം മൂന്ന് ബസുകൾ എത്തിയതിനെത്തുടർന്ന് സ്റ്റാൻഡിലും സെൻട്രൽ ജങ്ഷനിലും ഗതാഗതക്കുരുക്കും സംഘർഷാവസ്ഥയും.
വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവങ്ങളുടെ തുടക്കം. കോട്ടയം വഴി പന്തളത്തേക്ക് പോകാനുള്ള കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയതിന് തൊട്ടുപിന്നാലെ കോട്ടയത്തേക്കുള്ള ഒരു സ്വകാര്യ ബസും ഇവിടെയെത്തി. കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാർക്ക് കയറാൻ കഴിയാത്തവിധം, ഇടതുവശത്തുകൂടെ വാതിൽ ഭാഗത്തോട് ചേർത്ത് സ്വകാര്യബസ് നിർത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഈ സമയം സ്റ്റാൻഡിനുള്ളിലേക്ക് മറ്റു രണ്ട് ബസുകൾകൂടി കയറിവന്നതോടെ ഒരു വാഹനത്തിനും മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയായി.
റോഡിൽനിന്നും സ്റ്റാൻഡിനുള്ളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ സാധിക്കാതെവന്നതോടെ പ്രധാന റോഡിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. ഇതോടെ ടൗണിൽ പൂർണമായി ഗതാഗതം സ്തംഭിച്ചു. യാത്രക്കാർക്ക് റോഡിന് കുറുകേ കടക്കാനോ നടന്നുപോകാനോപോലും സാധിക്കാത്ത നിലവന്നതോടെ ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് തലയോലപ്പറമ്പ് എസ്.ഐ. ഡി.രാജന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പോലീസ് നടത്തിയ ഇടപെടലിലാണ് പ്രശ്നം പരിഹരിച്ചതും ഗതാഗത തടസ്സം ഒഴിവാക്കിയതും.
കോട്ടയം-എറണാകുളം റൂട്ടിലെ പ്രധാനപ്പെട്ട ബസ് സ്റ്റാൻഡാണ് തലയോലപ്പറമ്പ്. എറണാകുളത്തേക്കുള്ള 64 സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളടക്കം 110-ഓളം സ്വകാര്യ ബസുകളും കോട്ടയം, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസുകളും ബസ്സ്റ്റാൻഡിലേക്ക് വരും. പക്ഷേ ഇവിടെ കയറിയിറങ്ങാൻ ഒരു വഴിമാത്രം. ഇത് നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
വൈക്കം ഭാഗത്തുനിന്നും എറണാകുളം ഭാഗത്തുനിന്നും വരുന്ന ബസുകൾ സ്റ്റാൻഡിലേക്ക് ഒരേ സമയം തിരിയുന്നതും സ്റ്റാൻഡിൽനിന്നും അതേസമയം ബസിറങ്ങിവരുന്നതും പലപ്പോഴും സെൻട്രൽ ജങ്ഷനിൽ ഗതാഗതക്കുരുക്കിനും വാക്കുതർക്കങ്ങൾക്കും കാരണമാകുന്നുണ്ട്.
വൺവേ സംവിധാനം വേണം
തലയോലപ്പറമ്പ് ബസ്സ്റ്റാൻഡിലേക്ക് ബസുകൾ കയറിയിറങ്ങാൻ രണ്ട് വഴികൾ വേണം.സെൻട്രൽ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് കാരണവും ബസ് സ്റ്റാൻഡുമായി ബന്ധപ്പെട്ടതാണ്.
ദീർഘവീക്ഷണമില്ലാത്ത നിർമാണം മൂലമുണ്ടായ അപാകത പരിഹരിച്ച് തലയോലപ്പറമ്പിന്റെ വികസനം എങ്ങനെ സാധ്യമാകുമെന്ന്. ജനപ്രതിനിധികളും അധികാരികളും ചർച്ചചെയ്യണം.
കൃഷ്ണകുമാർ
തച്ചാറയിൽ