വൈക്കത്ത്‌ ഇനി ഉത്സവക്കാലം

# പന്ത്രണ്ടാം ഉത്സവദിവസമായ ഡിസംബർ ഒന്നിനാണ്‌ പ്രശസ്തമായ അഷ്ടമിദർശനം. വിവിധ ക്ഷേത്രങ്ങളിൽനി​െന്നത്തുന്ന ദേവീദേവന്മാരുടെ കൂടിയെഴുന്നള്ളിപ്പും രാത്രി ഉദയനാപുരത്തപ്പന് നൽകുന്ന വരവേൽപ്പും ഭക്തിനിർഭരമായ ചടങ്ങുകളാണ്.

# അഷ്ടമിദിവസം ഊട്ടുപുരമാളികയിൽ 20 പറ അരിയുടെ അഷ്ടമിപ്രാതൽ ഒരുക്കും. ഡിസംബർ രണ്ടിന്‌ ആറാട്ടോടെ സമാപിക്കും. ഡിസംബർ ഒന്നിന്‌ അഷ്ടമിദർശനം

വൈക്കം : വെള്ളിയാഴ്ച അഷ്ടമി ഉത്സവത്തിന് കൊടിയേറുന്നതോടെ 13 ദിവസം വൈക്കം ഉത്സവത്തിരക്കിലേക്ക്‌.

വെള്ളിയാഴ്ച രാവിലെ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻനമ്പൂതിരി, കിഴക്കേനേടത്ത് മേക്കാട്ട് ചെറിയ മാധവൻനമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ 6.30-നും 8.15-നും ഇടയ്ക്കുള്ള സമയത്ത് അഷ്ടമിക്ക് കൊടിയേറും. കൊടിയേറ്റിനുശേഷം കൊടിമരത്തിനുമുൻപിൽ കെടാവിളക്കിൽ ദേവസ്വം ബോർഡ് കമ്മിഷണർ ബി. സുനിൽകുമാർ ദീപം തെളിയിക്കും.

കലാമണ്ഡപത്തിൽ കലാപരിപാടികൾക്ക് അവിട്ടംതിരുനാൾ ആദിത്യവർമ ദീപം തെളിയിക്കും.

ഏഴാം ഉത്സവദിവസത്തെ ഋഷഭവാഹനമെഴുന്നള്ളിപ്പ്‌ ദർശനപ്രധാനമാണ്‌. അഞ്ച് പ്രദക്ഷിണത്തോടെയാണ് എഴുന്നള്ളിപ്പ് പൂർത്തിയാകുന്നത്. പതിനൊന്ന് ആനകളുടെ അകമ്പടിയോടെ പത്താം ഉത്സവദിവസം നടക്കുന്ന വലിയശ്രീബലി അഷ്ടമിയുത്സവത്തിലെ ഏറ്റവും പ്രൗഢോജ്ജ്വലമായ എഴുന്നള്ളിപ്പാണ്. പതിനൊന്നാംദിവസം വൈകീട്ട് നടക്കുന്ന ആനയൂട്ടും കാഴ്ചശ്രീബലിയും ശ്രദ്ധേയമായ ചടങ്ങുകളാണ്.