സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം; പൂക്കൾ വെറും പൂക്കളല്ല; നിർമിക്കാം, 50 മൂല്യവർധിത ഉത്പന്നങ്ങൾ

മണ്ണാർക്കാട് : പൂക്കൾ മുടിയിൽ ചൂടാനും മാലകോർക്കാനും ബൊക്കെയുണ്ടാക്കാനും മാത്രമല്ല. വിവിധതരം മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും പറ്റും. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ വി.എച്ച്.എസ്.ഇ. വിഭാഗം സ്കിൽഫെസ്റ്റിലെ എക്സിബിഷനിലാണ് പൂക്കൾകൊണ്ടുള്ള 50 മൂല്യവർധിത ഉത്പന്നങ്ങളുടെ പവലിയൻ. കോട്ടയം കാണക്കാരി ജി.വി.എച്ച്.എസ്.എസ്. പ്ലസ് വൺ വിദ്യാർഥികളായ ബിയോൺ ബോബി, ആഷിൻ സി. ബിജു എന്നിവരാണ് വിവിധതരം പൂക്കൾകൊണ്ടുള്ള ഉത്പന്നങ്ങളുമായി എത്തിയിട്ടുള്ളത്.
അലങ്കാരവസ്തുക്കളും മധുരപാനീയങ്ങളും സൗന്ദര്യവർധകവസ്തുക്കളുംവരെ ഇക്കൂട്ടത്തിലുണ്ട്. റോസ്, ചെമ്പരത്തി, ശംഖുപുഷ്പം തുടങ്ങിയ പൂക്കളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ചെമ്പരത്തിയുടെയും റോസാപ്പൂവിന്റെയും ഉണങ്ങിയ ദളങ്ങളുപയോഗിച്ച് നിർമിക്കുന്ന ചായയും കൂട്ടത്തിലുണ്ട്. വിവിധതരം സ്ക്വാഷുകൾ, മധുരവിഭവങ്ങൾ, മിഠായിക്ക് ഉപയോഗിക്കുന്ന സിറപ്പ്, സൗന്ദര്യവർധകവസ്തുക്കളായ ഫേസ്ക്രീം, സോപ്പ്, ഹെയർ ഓയിൽ, താളിപ്പൊടി, അലങ്കാരവസ്തുക്കളായ ഗിഫ്റ്റ് ഫ്രെയിം, ഗിഫ്റ്റ് ബാഗ് എന്നിവയും ആകർഷകമാണ്. ഇതിന്റെയെല്ലാം ഗുണങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പുകളുമുണ്ട്.
അഗ്രിക്കൾച്ചർ കോഴ്സിലുള്ള ഫ്ളോറി കൾച്ചർ വിഭാഗം വിദ്യാർഥികളാണ് ഇരുവരും. അലങ്കാരവസ്തുക്കളിലും പുതിയ ആശയങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. താമരത്തണ്ടിലും മരക്കഷണങ്ങളിലും പൂക്കളുടെ ദളങ്ങൾ ഒട്ടിച്ചുള്ളത് കാണാൻ അഴകേറെയാണ്. ഡയറി നിർമാണത്തിലും ഇത്തരം പരീക്ഷണങ്ങളുണ്ട്. സ്കൂളിലെ കായികമേളയ്ക്ക് ഇത്തരം പ്രദർശനം നടത്തി വരുമാനം കണ്ടെത്തിയിട്ടുണ്ട്.