കോഴിക്കൊമ്പ് കവലയിലെ ഓടയ്ക്ക് മൂടിയായി, അപകടാവസ്ഥയ്ക്ക് താത്കാലിക പരിഹാരം

കോഴിക്കൊമ്പ് കവലയിലെ ഓടയ്ക്ക് മുകളിൽ ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചപ്പോൾ
കോഴിക്കൊമ്പ് കവലയിലെ ഓടയ്ക്ക് മുകളിൽ ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചപ്പോൾ

​കോഴിക്കൊമ്പ്: കോഴിക്കൊമ്പ് കവലയിലെ ഓടയ്ക്ക് മൂടി സ്ഥാപിച്ചതോടെ അപകടാവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി. കവലയാണെങ്കിലും വീതികുറഞ്ഞ റോഡിന്റെ ഒരരികിൽ ഓടയാണ്. ബസും മറ്റ് വാഹനങ്ങളും നിർത്തുന്നത് ഈ ഓടയോട് ചേർത്താണ്. ശ്രദ്ധ അല്പമൊന്ന് പാളിയാൽ കാലൊന്ന് ഇടറിയാൽ ഓടയിൽ ഓടയിലേക്കുവീഴുമെന്ന് ഉറപ്പ്. ബസ് യാത്രികർക്ക് പോലും കയറി ഇറങ്ങാൻ സൗകര്യമില്ലാത്ത കോഴിക്കൊമ്പ് കവലയുടെ ദുരിതത്തിനാണ് മൂടി ഇട്ടതോടെ താത്കാലിക പരിഹാരമാകുന്നത്.

ഈ ദുരിതം ചൂണ്ടിക്കാട്ടി നാട്ടുകാരുടെ പ്രതികരണത്തോടെ ഇക്കഴിഞ്ഞ മേയ് 17-ന് “മാതൃഭൂമി” “കോഴിക്കൊമ്പിൽ ഇറക്കം കുഴിയിലേക്ക്” എന്ന തലക്കെട്ടിൽ വാർത്ത നൽകിയിരുന്നു.

​ആഴമേറിയ ഓടയ്‌ക്ക് മൂടിയായി ഇരുമ്പ്ഗ്രില്ലാണ് പൊതുമരാമത്തുവകുപ്പ് സ്ഥാപിച്ചത്. റോഡിനും കവലയ്ക്കും വീതികൂട്ടി വികസനം സാധ്യമാക്കണം. അനധികൃത കൈയ്യേറ്റങ്ങൾ റോഡിന്റെ വീതി കുറയാൻ ഇടയാക്കിയിട്ടുണ്ട്.

ബസ് കാത്തിരിപ്പുകേന്ദ്രംകൂടി വേണം

അപകട പരമ്പരകളുടെ കഥ പറയുന്ന കോഴിക്കൊമ്പ് കവലയുടെ ശാശ്വത വികസനം ഇനിയും നടന്നിട്ടില്ല. ബസ് കാത്തിരിപ്പുകേന്ദ്രം വേണമെന്നതാണ് ആവശ്യങ്ങളിലൊന്ന്. ചികിത്സാ കേന്ദ്രത്തിലേക്കടക്കം ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. മാലിന്യക്കൂമ്പാരമായി മാറിയ കോഴിക്കൊമ്പ് തോട് വൃത്തിയാക്കണം.

- എ.എസ്. ചന്ദ്രമോഹനൻ, പ്രസിഡന്റ്, ആണ്ടൂർ ദേശീയവായനശാല

Content Highlights: PWD covers open drainage with iron grill at Kozhikombu junction following news report, providing temporary relief to commuters and pedestrians.