ക്ലാസ്സ് റൂമിൽ നിന്ന് അമ്പലനടയിലേക്ക്; ഭക്തിയുടെ പുതിയ വൈബുമായി സുമേഷ് ചാത്തന്നൂർ

ചാത്തന്നൂർ: സന്ധ്യ മയങ്ങി അത്താഴപൂജയും കഴിഞ്ഞ് നടയടയ്ക്കുന്ന നേരം... കേരളത്തിലെ പല ക്ഷേത്രങ്ങളിലും ഭക്തമനസ്സുകളെ ശാന്തമാക്കുന്ന ആ ഭക്തിഗാനങ്ങൾക്ക് പിന്നിൽ, പകൽ മുഴുവൻ കൗമാരക്കാരുടെ ലോകത്ത് അധ്യാപകനായി കഴിയുന്ന ഒരു മനസ്സുണ്ട്. കൊല്ലം അഞ്ചൽ കരു കോൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനായ സുമേഷ് ചാത്തന്നൂർ. ചലച്ചിത്ര ഗാനരചയിതാവും ജനപ്രിയ സീരിയലുകളുടെ തിരക്കഥാകൃത്തുമായ സുമേഷിന്റെ എഴുത്ത്, ക്ലാസ്സ് റൂമിന്റെ പതിവുകളിൽ നിന്ന് ക്ഷേത്രനടകളുടെ നിശ്ശബ്ദതയിലേക്കും വെള്ളിവെളിച്ചത്തിലേക്കും സഞ്ചരിക്കുന്ന ഒന്നാണ്. കേരളത്തിലെ ക്ഷേത്രങ്ങളിലെ നടയടപ്പ് വേളകളുമായി സുമേഷ് ചാത്തന്നൂരിന്റെ വരികൾക്ക് അഭേദ്യമായൊരു ബന്ധമുണ്ട്. ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ കെ.എസ്. ചിത്രയുടെ മധുരശബ്ദത്തിൽ സുമേഷ് എഴുതിയ വരികൾ കേട്ടാണ് നടയടയ്ക്കുന്നത്. ഉളിയനാട് ശിവക്ഷേത്രത്തിൽ മധു ബാലകൃഷ്ണൻ ആലപിച്ച ഗാനവും വിളപ്പുറം ആനന്ദവിലാസം ക്ഷേത്രത്തിൽ എം.ജി. ശ്രീകുമാർ ആലപിച്ച ഉറക്കുപാട്ടും അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞവയാണ്.
ഈ ഭക്തിനിരയിലേക്കാണ് ഗുരുവായൂരിനെക്കുറിച്ചുള്ള പുതിയ കൃഷ്ണഭക്തിഗാനവും എത്തുന്നത്. 'ഒരുപിടി മഞ്ചാടി നെഞ്ചോട് ചേർത്തു ഞാൻ ഗുരുവായൂർ ശ്രീലകത്തെത്തി...' എന്നാരംഭിക്കുന്ന ഗാനം, ഗുരുവായൂരിൽ രാധയില്ലാത്തതെന്തെന്ന ഭക്തമനസ്സുകളുടെ ആർദ്രമായ ചോദ്യത്തെയാണ് മുൻനിർത്തുന്നത്. രാധയും കൃഷ്ണനും രണ്ടല്ലെന്നും ആത്മാവും പരമാത്മാവുമായി ഒന്നായി ചേർന്നവരാണെന്ന അദ്വൈതഭാവം ഈ ഗാനത്തെ വേറിട്ടതാക്കുന്നു. ദേവേഷ് ആർ. നാഥ് സംഗീതം നൽകിയ ഗാനം ഹംസിനിയും കെ. ഉണ്ണികൃഷ്ണനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഗുരുവായൂരമ്പല നടയിൽ നടന്ന ചടങ്ങിൽ, 108 ക്ഷേത്രങ്ങളിൽ ശയനപ്രദക്ഷിണം നടത്തി ശ്രദ്ധേയനായ കൃഷ്ണഭക്തൻ കൃഷ്ണദാസ് പുറമേരിക്ക് ഗാനത്തിന്റെ പകർപ്പ് (ഡ്രൈവ്) കൈമാറിക്കൊണ്ട് പ്രകാശനകർമം നിർവഹിച്ചു. തുടർന്ന് ഗാനം ഗുരുവായൂരപ്പന് മുന്നിൽ ദേവസ്വത്തിന് സമർപ്പിക്കുകയും ചെയ്തു.അധ്യാപനത്തിനൊപ്പം തിരക്കഥാരചനയിലും ഗാനരചനയിലും സുമേഷ് ചാത്തന്നൂർ സജീവമാണ്. 'ചെമ്പരത്തി', 'ആനന്ദരാഗം', 'മാനത്തെ കൊട്ടാരം', 'ചെമ്പരത്തി-2' തുടങ്ങി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരമായ നിരവധി പരമ്പരകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി. മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള പൂവച്ചൽ ഖാദർ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 'ജങ്കാർ', 'കടമക്കുടി ഡയറീസ്', 'തമ്പാച്ചി', 'ഹൈ അലർട്ട്' തുടങ്ങിയ സിനിമകൾക്കായി ഗാനങ്ങൾ രചിച്ച അദ്ദേഹം, മലയാളത്തിലെ പ്രശസ്തമായ ഓണപ്പാട്ടുകളിലൂടെയും ശ്രദ്ധ നേടി. ഈസ്റ്റ് കോസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ മ്യൂസിക് കമ്പനികൾക്കായി പ്രവർത്തിച്ച സുമേഷിന്റെ വരികൾ, കെ.ജെ. യേശുദാസ് ഒഴികെ മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ ഗായകരും പാടിക്കഴിഞ്ഞു. ബിജിബാൽ, ദേവേഷ് ആർ. നാഥ്, സഞ്ജീവ് ലാൽ, സിബു സുകുമാരൻ, രവിവർമ തുടങ്ങി നിരവധി സംഗീതസംവിധായകർക്കൊപ്പം അദ്ദേഹം സഹകരിച്ചിട്ടുണ്ട്. ക്ലാസ്സ് റൂമിലെ അച്ചടക്കത്തിൽ നിന്ന് കലയുടെയും ഭക്തിയുടെയും വിശാലമായ ലോകത്തേക്ക് സുമേഷ് ചാത്തന്നൂർ നടത്തുന്ന ഈ യാത്ര, എഴുത്തിനെ ജീവിതത്തോട് ചേർത്തുനിർത്തുന്ന ഒരു കലാകാരന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.
Content Highlights: Teacher and lyricist Sumesh Chathannoor gains attention with his popular devotional songs played across Kerala temples, including a new Krishna bhajan.