അച്ചൻകോവിൽ-അലിമുക്ക് പാതയിൽ കുട്ടിയാന കൂട്ടംതെറ്റിയെത്തി

അച്ചൻകോവിൽ-അലിമുക്ക് റോഡരികിലിറങ്ങിയ കുട്ടിയാനയെ പരിചരിക്കുന്ന വനപാലകർ
അച്ചൻകോവിൽ-അലിമുക്ക് റോഡരികിലിറങ്ങിയ കുട്ടിയാനയെ പരിചരിക്കുന്ന വനപാലകർ

തെന്മല: മണ്ണാറപ്പാറ ഫോറസ്റ്റ് റെയ്‌ഞ്ചിൻെറ കീഴിൽ കൂട്ടംതെറ്റിയ കുട്ടിയാന കൗതുകക്കാഴ്ചയ്ക്കൊപ്പം ആശങ്കയ്ക്കും ഇടയാക്കി. അച്ചൻകോവിൽ-അലിമുക്ക് പാതയിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മണ്ണാറപ്പാറ ഫോറസ്റ്റ് റെയ്‌ഞ്ചിൻെറ കീഴിൽ കടമ്പുപാറഭാഗത്ത് റോഡരികിലായി നിൽക്കുന്ന കുട്ടിയാനയെ പാതയിലൂടെയെത്തിയ യാത്രക്കാരാണ് ആദ്യം കണ്ടത്. തൊട്ടുപിറകിലായെത്തിയ വനംവകുപ്പിൻെറ പട്രോളിങ് സംഘവും പാതയോരത്ത് എങ്ങോട്ടുപോകണമെന്ന്‌ അറിയാതെ പരക്കംപായുന്ന കുട്ടിയാനെയെ കണ്ടു.

ആറുമാസത്തോളംമാത്രം പ്രായമുള്ള ആനക്കുട്ടിയെ കണ്ടതോടെ യാത്രക്കാർക്കും കൗതുകമായി. യാത്രക്കാർ ഫോട്ടോയും വീഡിയോയുമായി ആനയ്ക്കൊപ്പംകൂടിയതോടെ വനംവകുപ്പ് സ്ഥലത്ത് നിയന്ത്രണമേർപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ സുരക്ഷിതമായി വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കാട്ടാനകൾ കൂട്ടമായി റോഡ്‌ കുറുകേ കടന്നപ്പോൾ കൂട്ടംതെറ്റിയതാകാമെന്നാണ് വനംവകുപ്പിൻെറ നിരീക്ഷണം.

കുട്ടിയാനയെ പരിചരിക്കാനായി വനംവകുപ്പിന്റെ മൃഗഡോക്ടർ ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് തുടരുകയാണ്. നിലവിൽ കുട്ടിയാനയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളൊന്നുമില്ല. കൂട്ടംതെറ്റിയ സ്ഥലത്തുതന്നെയാണ് ആനയെ സൂക്ഷിച്ചിരിക്കുന്നത്. അമ്മയാന എത്തുമെന്നാണ് വനപാലകരുടെ പ്രതീക്ഷ.

സാധാരണഗതിയിൽ കൂട്ടംതെറ്റിയാലും തൊട്ടടുത്തുള്ള പ്രദേശത്ത് ആനക്കൂട്ടമുണ്ടെങ്കിൽ അവയുടെ ശ്രദ്ധയാകർഷിച്ച് കുട്ടിയാനയെ തിരികെ കാടുകയറ്റാനുള്ള നടപടികൾ വനംവകുപ്പ് ചെയ്യാറുണ്ട്. അതിനാൽ രണ്ടോ മൂന്നോ ദിവസം സ്ഥലത്തുതന്നെ കുട്ടിയാനയെ സൂക്ഷിച്ചശേഷമേ മറ്റു നടപടിയിലേക്ക് നീങ്ങുകയുള്ളൂ എന്നാണ് വനംവകുപ്പ് അധികൃതർ നൽകുന്ന സൂചന.

Content Highlights: A six-month-old elephant calf got separated from its herd and was found wandering along the Achankovil-Alimukku road in Thenmala.