കടശ്ശേരി-പുന്നല പാതയിൽ കാട്ടാനശല്യമേറുന്നു

പത്തനാപുരം : തിരക്കേറിയ കടശ്ശേരി-പുന്നല പാതയിൽ കാട്ടാനശല്യം വർധിച്ചതോടെ നാട്ടുകാർ ഭീതിയിൽ.

കൂട്ടമായെത്തി പാതയോരത്തെ പുല്ലും കാടും ആഹാരമാക്കി അവിടെത്തന്നെ മണിക്കൂറുകളോളം നിലയുറപ്പിക്കുകയാണ് കാട്ടാനകൾ. കാത്തിരിപ്പിനൊടുവിൽ ആനക്കൂട്ടം കാടുകയറിയിട്ടുവേണം വാഹനയാത്രികർ ഉൾപ്പെടെയുള്ളവർക്ക് സഞ്ചരിക്കാൻ.

മുൻപൊക്കെ വല്ലപ്പോഴുമുണ്ടാകുന്ന ശല്യമാണ് ഇപ്പോൾ പതിവായത്. കന്നുകാലികൾ മേയുന്ന പോലെയാണ് ഇവ പാതയിൽ ഇറങ്ങിനിന്ന് കാടുംപടലും തിന്നുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

കടശ്ശേരിമുതൽ ചെമ്പ്രാമൺവരെയുള്ള ഭാഗങ്ങളിൽ പാതയുടെ ഇരുവശത്തും കാടും പുല്ലും വളർന്നുകയറിയനിലയിലാണ്.

ഇഷ്ട ആഹാരം സമൃദ്ധമായി ലഭിക്കുന്നതാണ് ആനക്കൂട്ടത്തെ ഇവിടേക്ക് ആകർഷിക്കുന്നത്. കാടിന്റെ മറവിൽ നിലയുറപ്പിച്ച കാട്ടാനയെ റോഡിലൂടെ വരുന്നവർ അടുത്തെത്തുമ്പോൾ മാത്രമാണ് കാണുന്നത്.

ആനയുടെ മുന്നിലകപ്പെടുന്നവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയാണ് പതിവ്. വീണും മറ്റും ഇവർക്ക് പരിക്കേൽക്കാറുണ്ട്.

ഇരുവശത്തുമുള്ള കാട് നീക്കം ചെയ്താൽ കാട്ടാനശല്യത്തിന് പരിഹാരമാകും. വളവും തിരിവുകളുമുള്ള പാതയുടെ കാട് തെളിച്ചാൽ ആനയെ ദൂരത്തുവെച്ച്‌ കാണാനും അപകടം ഒഴിവാക്കാനും കഴിയും. ആനക്കൂട്ടം പാതയിൽ നിലയുറപ്പിക്കുന്ന അവസ്ഥയും മാറും.

എന്നാൽ കാട് ആരുതെളിക്കണം എന്നതാണ് പ്രശ്നം. പാതയുടെ ഇരുവശത്തും കെ.എഫ്.ഡി.സി. തോട്ടങ്ങളാണ്.

വേപ്പ്, അക്കേഷ്യ, കശുമാവ്, പെരുമരം എന്നിവയാണ് പലയിടങ്ങളിലായി നട്ടുവളർത്തിയത്. കാര്യമായ പരിചരണമില്ലാത്തതിനാൽ തോട്ടങ്ങളും കാടുമൂടിയനിലയിലാണ്.

ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള പാതയിൽ മുൻപ് പിറവന്തൂർ പഞ്ചായത്താണ് കാട് തെളിച്ചിരുന്നത്.

തൊഴിലുറപ്പ് പദ്ധതിപ്രകാരവും പാതയിലെ കാട് തെളിച്ചിരുന്നു. ഇക്കുറി തൊഴിലുറപ്പ് പദ്ധതിപ്രകാരം കാടുതെളിക്കാൻ അനുമതിയില്ലാത്തതിനാൽ അതിന് കഴിഞ്ഞില്ല. പഞ്ചായത്ത് ഫണ്ടും വിനി​േയാഗിക്കാനായില്ല. വിഷയത്തിൽ വനംവകുപ്പും നടപടിയെടുക്കുന്നില്ല.