ഇടപ്പാളയത്ത് പിക്കപ്പ് കാറിലിടിച്ചു മറിഞ്ഞു

തെന്മല :കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഇടപ്പാളയത്ത് പിക്കപ്പ് വാൻ എതിരേവന്ന കാറിലിടിച്ചശേഷം തലകീഴായി റോഡിലേക്കു മറിഞ്ഞു. ഇടപ്പാളയം റെയിൽവേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച വൈകീട്ട് 3.15-ഓടെ ആയിരുന്നു അപകടം. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി കയറ്റിവന്ന പിക്കപ്പ് എതിരേവന്ന വാഹനത്തിനു വശംകൊടുക്കുന്നതിനിടയിൽ ടാറിങ്ങിൽനിന്ന് ഇറങ്ങുകയും തിരികെ കയറ്റാനുള്ള ശ്രമത്തിനിടയിൽ നിയന്ത്രണംവിട്ട് കാറിലിടിച്ചശേഷം റോഡിൽ മറിയുകയുമായിരുന്നു.

അപകടത്തിൽ എതിരേവന്ന കാറിലെ ദമ്പതിമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ കാറിനും കാര്യമായ കേടുപാടുണ്ട്‌. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലേക്കു മാറ്റി. പച്ചക്കറി കയറ്റിയ വാഹനം അമിതവേഗത്തിലെത്തിയതും ഈ ഭാഗത്ത് ടാറിങ് കഴിഞ്ഞുള്ളഭാഗം വൻകുഴിയായതും അപകടത്തിനു കാരണമായതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.