ബാങ്കുകളുടെ സംഗമം നടത്തി

പുനലൂർ : ചെറുകിടവ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ആർ.എ.എം.പി. പദ്ധതിയുടെ ഭാഗമായി പത്തനാപുരം താലൂക്ക് വ്യവസായ ഓഫീസ് പുനലൂരിൽ ബാങ്കുകളുടെ സംഗമം നടത്തി.
ബാങ്കുകളുമായി ബന്ധപ്പെട്ട് സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പുതിയ ബാങ്കിങ് പദ്ധതികളും സേവനങ്ങളും പരിചയപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു ഇത്. 110 സംരംഭകരും 15 ബാങ്കുകളുടെ പ്രതിനിധികളും പങ്കെടുത്തു.
പുനലൂർ നഗരസഭാ ഉപാധ്യക്ഷ കെ. പ്രഭ ഉദ്ഘാടനം ചെയ്തു. വികസനകാര്യസമിതി അധ്യക്ഷൻ എസ്. അൻവർ അധ്യക്ഷനായി.
സ്ഥിരം സമിതി അധ്യക്ഷരായ ഗീതാകുമാരി, ടി. അനിത, കൗൺസിലർ റാണി ജേക്കബ്, ജില്ലാ വ്യവസായകേന്ദ്രം മാനേജർ ഐ. നജീം, താലൂക്ക് വ്യവസായ ഓഫീസർ എം. നിസാം, പുനലൂർ നഗരസഭാ വ്യവസായവികസന ഓഫീസർ എസ്. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
വ്യവസായസംരംഭങ്ങൾക്ക് താലൂക്ക് പരിധിയിൽ ഏറ്റവുമധികം വായ്പ നൽകിയ ബാങ്കുകളുടെ അധികൃതരെ ആദരിച്ചു. നാല്പതോളം വായ്പ അനുമതിപത്രങ്ങൾ വിതരണം ചെയ്തു.