പണിക്കർകടവ് പാലം പുനർനിർമിക്കുന്നു

 ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

കരുനാഗപ്പള്ളി : ദേശീയ ജലപാതയായ ടി.എസ്. കനാലിന് കുറുകേയുള്ള പണിക്കർകടവ് പാലം പുനർനിർമിക്കുന്നു. ഇതിന്റെ ഭാഗമായി സി.ആർ. മഹേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

നിലവിലുള്ള പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഈ പാലത്തിന് 148 മീറ്റർ നീളവും 20 മീറ്റർ വീതം നീളമുള്ള ഏഴു സ്പാനുകളുമുണ്ട്. ഉൾനാടൻ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ക്ലിയറൻസും പാലത്തിന് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാലം പുനർനിർമിക്കണമെന്ന നിർദേശം മുന്നോട്ടു​െവച്ചതെന്ന് സി.ആർ. മഹേഷ് എം.എൽ.എ. അറിയിച്ചു.

പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന പാലത്തിന് 128.96 മീറ്റർ നീളം ഉണ്ടാകും. 7.5 മീറ്റർ റോഡും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമാണ് പാലത്തിൽ ഉണ്ടാകുക. 45 മീറ്റർ സ്പാനിൽ പ്രീസ്‌ട്രെസ്ഡ് കോൺക്രീറ്റ് ഗർഡറുകളും ആർ.സി.സി. (റിഇൻഫോഴ്‌സ്ഡ് സിമന്റ് കോൺക്രീറ്റ്) സ്ലാബും 20 മീറ്റർ സ്പാനിൽ ആർ.സി.സി. ഗർഡറുകളും ആർ.സി.സി. സ്ലാബുകളുമാണ് പാലത്തിന് നൽകുക.ആലപ്പാട് ഭാഗത്ത് 60 മീറ്റർ നീളവും കരുനാഗപ്പള്ളി ഭാഗത്ത് 62 മീറ്റർ നീളവുമുള്ള അനുബന്ധ റോഡുകളും നിർമിക്കും. 20,93,30,000 രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. യൂട്ടിലിറ്റി ഷിഫ്റ്റിങ്, ഇൻലാൻഡ് വാട്ടർവേ അതോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, കോസ്റ്റൽ സോൺ മാനേജ്‌മെന്റ് സ്റ്റഡീസ് എന്നിവയ്ക്കുള്ള അനുബന്ധ ഫീസുകളും ഉൾപ്പെടെയാണിത്.സി.ആർ. മഹേഷ് എം.എൽ.എ.യുടെ ആവശ്യപ്രകാരം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനപ്രകാരം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ കെ.ആർ. ദീപ്തി, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ രൂപേഷ്, അസിസ്റ്റന്റ് എൻജിനിയർ മീനുസുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.

മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞു. എത്രയുംവേഗം ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.നഗരസഭാ ചെയർമാൻ പി. സോമരാജൻ, ജില്ലാപഞ്ചായത്ത് അംഗം വരുൺ ആലപ്പാട്, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനമ്പത്ത് ഗഫൂർ, കൗൺസിലർമാരായ സിംലാൽ, അശ്വതി, പ്രശാന്ത് ആലപ്പാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി സുഗതൻ, അംഗം ശ്രീലാൽ എന്നിവരും പങ്കെടുത്തു.