മഴയും മിന്നലും... കലയപുരത്തും എസ്.എൻ.പുരത്തും വീടുകൾക്ക് നാശം

പുത്തൂർ :ശക്തമായ മിന്നലിലും മഴയിലും എസ്.എൻ. പുരത്തും കലയപുരത്തും വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. എസ്.എൻ. പുരം താഴേ ചവരാംകുഴിയിൽ സന്തോഷിന്റെ വീടിനു മുകളിലേക്ക് സമീപപുരയിടത്തിലെ റബ്ബർമരം വീണതാണ് അപകടങ്ങളിൽ ഒന്നാമത്തേത്. കലയപുരം വിളയിൽ പുത്തൻവീട്ടിൽ സുരേഷിന്റെ വീട്ടിൽ മിന്നൽ നാശംവിതച്ചതാണ് രണ്ടാമത്തേത്. രാത്രി 11 മണിയോടെയായിരുന്നു രണ്ടിടത്തെയും അപകടം.
എസ്.എൻ. പുരത്ത് മരംവീണ് മേൽക്കൂര പൂർണമായും തകർന്നു. ഓടുകൾ പൊട്ടിയടർന്ന് മുറിയാകെ വീണുകിടക്കുകയാണ്. ടി.വി., ഫാൻ, ബൾബുകൾ, വൈദ്യുതോപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ പറ്റി. ഈ സമയം വീട്ടിൽ ആളുകളുണ്ടായിരുന്നു. ശബ്ദംകേട്ട് വേഗം പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ മറ്റ് അപകടങ്ങൾ സംഭവിച്ചില്ല. വീടിന്റെ സീലിങ് പൂർണമായും തകർന്നനിലയിലാണ്.
കലയപുരത്ത് ശക്തമായ മിന്നലും പിന്നാലെ വലിയ ശബ്ദത്തോടുകൂടിയ ഇടിയുമായിരുന്നെന്ന് സുരേഷ് പറഞ്ഞു. ടി.വി., ഫ്രിഡ്ജ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ നശിച്ചു. ഫാൻ പൊട്ടിവീണു. വയറിങ് പൂർണമായും കത്തിനശിച്ചു. മീറ്ററുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ പൊട്ടിത്തെറിച്ചു. ഭിത്തിയും വിണ്ടുകീറിയിട്ടുണ്ട്. അപകടസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റില്ല.