പാട്ടുപുരയ്ക്കൽ ഏലായിൽ രണ്ടാംവിള ഇറക്കില്ലെന്ന് കർഷകർ

കരീപ്ര : തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ രണ്ടാംവിള കൃഷിയിറക്കില്ലെന്ന് കർഷകർ. ഒന്നാംവിള തരിശിട്ടിരുന്ന മടന്തകോട്, കുന്നുംവട്ടം ഏലാകൾക്കൊപ്പം തളവൂർക്കോണം ഏലായിലും കൃഷി മുടങ്ങിയാൽ കരീപ്ര പഞ്ചായത്തിലെ നെൽക്കൃഷി ജലരേഖയാകും. മുന്നൂറേക്കറോളം ഏലായിലാണ് പഞ്ചായത്തിൽ നെൽക്കൃഷി ഉണ്ടായിരുന്നത്. ത്രിതല പഞ്ചായത്തുകൾ, കൃഷിവകുപ്പ് എന്നിവിടങ്ങളിൽനിന്നും കാര്യമായ സഹായങ്ങളില്ലാത്തതും കൃഷിച്ചെലവ് ഉയർന്നതുമാണ് കൃഷി ഉപേക്ഷിക്കാൻ കാരണമെന്ന് കർഷകർ പറയുന്നു.
പഞ്ചായത്തിലെ കർഷകക്കൂട്ടായ്മയിൽ വിഷയം ചർച്ചയാകുകയും മുന്നൂറേക്കറോളം വരുന്ന നെൽപ്പാടങ്ങളിൽ കൃഷി മുടങ്ങുന്ന സാഹചര്യമാണെന്ന് വിലയിരുത്തുകയും ചെയ്തു.
വിത്തും വളവും സബ്‌സിഡികളും വെട്ടിക്കുറച്ചതും സഹായങ്ങൾ ലഭിക്കാൻ നിബന്ധനകൾ കർശനമാക്കിയതുമാണ് കർഷകരെ വലയ്ക്കുന്നത്. പത്തുസെന്റിലേക്ക് അഞ്ചുകിലോ വിത്ത് വേണ്ടിടത്ത് മൂന്നുകിലോ വിത്തുമാത്രമാണ് നൽകുന്നത്. ഒരു ഹെക്ടറിന് പതിനെണ്ണായിരം രൂപ സബ്‌സിഡി നൽകിയിരുന്നത് മൂന്നിലൊന്നായി കുറച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നുള്ള സഹായങ്ങൾ ഇല്ലാതായി.
ഇൻഷുർ ചെയ്തിരുന്ന പാടങ്ങളിൽപ്പോലും കൃഷിനാശത്തിന് സഹായം ലഭിച്ചിട്ടില്ല. കീടശല്യവും രോഗങ്ങളും ബാധിച്ചാലും യഥാസമയം സഹായം കിട്ടുന്നില്ല. വളത്തിനുണ്ടായ വിലവർധനയും സബ്‌സിഡിയിൽ ആവശ്യത്തിന് വളം ലഭിക്കാത്തതും പ്രധാന പ്രശ്‌നമാണ്.
ഒരു ഹെക്ടറിലേക്ക് പതിനയ്യായിരം രൂപയുടെ വളം വേണ്ടിവരുന്നു. തൊഴിലാളികളുടെ കൂലി ആയിരത്തിനു മുകളിലായി. ഞാറ് നടുന്നവരുടെ കൂലി ആയിരംവരെയായി. നിലം ഉഴാൻ ട്രാക്ടർ വാടക, മണിക്കൂറിന് 600 രൂപയാണ്. ഏലാ പൂട്ടിയശേഷം അപേക്ഷ നൽകിയാൽമാത്രമേ വിത്ത് അനുവദിക്കൂ.
എല്ലാ പ്രതിസന്ധിയും കടന്നാൽ ആവശ്യമായ സമയം കെ.ഐ.പി. കനാൽജലം എത്താത്തതും മുഖ്യ പ്രശ്‌നമാണ്.
ഏലാത്തോട്ടിലും കൃഷിയിടത്തിലും മദ്യക്കുപ്പികൾ പൊട്ടിച്ചെറിയുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതുൾെപ്പടെയുള്ള സമൂഹവിരുദ്ധശല്യം തടയാൻ നടപടികളില്ലാത്തതും കർഷകരെ വലയ്ക്കുന്നു.