കൂട്ടിക്കട മേൽപ്പാലം: മേയ് 14-നകം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കും-എൻ.കെ.പ്രേമചന്ദ്രൻ

കൊല്ലം : കൂട്ടിക്കട റെയിൽവേ മേൽപ്പാലത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 45.26 കോടി രൂപ 2027 മേയ് 14-നകം ലഭ്യമാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയാലുടൻ ടെൻഡർ വിളിച്ച് നിർമാണം ആരംഭിക്കും. പദ്ധതിക്കു നിലവിൽ സാങ്കേതിക തടസ്സങ്ങളില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കൂട്ടിക്കട മേൽപ്പാലവുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെയും പ്രദേശവാസികളുടെയും ആശങ്കകൾ പരിഹരിക്കാൻ വ്യാഴാഴ്ച കൂട്ടിക്കട എച്ച്.ഐ.എം. ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി യാഥാർഥ്യമാക്കാൻ വിഷ്ണു മോഹൻ എം.എൽ.എ. കഴിഞ്ഞ ആറുമാസത്തിനിടെ പരമാവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 2018 ഏപ്രിൽ 19-നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അപേക്ഷ ജില്ലാഭരണകൂടത്തിന് ലഭിച്ചത് 2023 മാർച്ച് ഒൻപതിനാണ്. ഭരണാനുമതി ലഭിച്ച് അഞ്ചുവർഷത്തോളം കഴിഞ്ഞാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി അപേക്ഷ നൽകിയത്. തുടർന്ന് 2024-ൽ ഭൂമി ഏറ്റെടുക്കലിനുള്ള 11 (1) വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനത്തിന്റെ കാലാവധി പലതവണ നീട്ടിയെങ്കിലും 2026 നവംബർ 14-ന് അവസാനിക്കേണ്ടതായിരുന്നു. എം.എൽ.എ. വിഷ്ണു മോഹനൊപ്പം മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിനെത്തുടർന്ന് ആറുമാസത്തേക്ക് കാലാവധി നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.
മേയ് 14-നകം ഫണ്ട് ലഭ്യമാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും ജനപ്രതിനിധികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഭൂമി വിട്ടുനൽകുന്നവർക്ക് 2013-ലെ നിയമപ്രകാരം പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാൻ ഇടപെടുമെന്നും അദ്ദേഹം ഉറപ്പുനൽകി.
റെയിൽവേ ഗേറ്റുകൾക്ക് പകരം മേൽപ്പാലങ്ങൾ നിർമിക്കുകയെന്നത് റെയിൽവേയുടെ പൊതുനയമാണ്. പദ്ധതിച്ചെലവിന്റെ പകുതി കേന്ദ്രവും പകുതി സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഭൂമി ഏറ്റെടുക്കൽ സംസ്ഥാനത്തിന്റെ ചുമതലയായതിനാൽ ഇതുമായി ബന്ധപ്പെട്ട നടപടികളിലാണ് പ്രധാനമായും കാലതാമസം നേരിടുന്നതെന്നും പ്രേമചന്ദ്രൻ വിശദീകരിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട പരിശോധനകൾ നിലവിലുള്ള പദ്ധതികളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എൽ.എ. വിഷ്ണുമോഹൻ അധ്യക്ഷനായി. മേയർ എ.കെ. ഹഫീസ്, ഡെപ്യൂട്ടി മേയർ ഉദയാസുകുമാരൻ, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, കോർപ്പറേഷൻ ആക്കോലിൽ ഡിവിഷൻ കൗൺസിലർ എ.കെ. അസൈൻ, മയ്യനാട് പഞ്ചായത്ത് അംഗം ഷെമീർ, ഡെപ്യൂട്ടി കളക്ടർ അനിൽ തുടങ്ങിയവർ പങ്കെടുത്തു.