വെളിനല്ലൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സയില്ല

ഓയൂർ : വെളിനല്ലൂർ പഞ്ചായത്തിലെ ഓയൂരിൽ പ്രവർത്തിക്കുന്ന വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ തുടങ്ങണമെന്ന ആവശ്യം ശക്തം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് വെളിനല്ലൂർ സി.എച്ച്.സി. പ്രവർത്തിക്കുന്നത്.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ മദർ പി.എച്ച്.സി.യായി പ്രവർത്തിച്ചിരുന്ന ഈ ആരോഗ്യകേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ട് 20 വർഷം കഴിഞ്ഞു. എന്നാൽ എല്ലാ സൗകര്യങ്ങളോടുംകൂടി ഈ കേന്ദ്രം പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

കിടത്തിച്ചികിത്സയ്ക്കുവേണ്ടി ഐ.പി. വാർഡ് നിർമിച്ചിട്ട് 30 വർഷം കഴിഞ്ഞു. 2025-ൽ വാർഡ് കെട്ടിടം നവീകരിച്ചെങ്കിലും കിടത്തിച്ചികിത്സ തുടങ്ങിയിട്ടില്ല. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി 20 കിടക്കവീതം ഇവിടെ സജ്ജീകരിച്ചിരുന്നു. പ്രസവ വാർഡുവരെ ഈ ഐ.പി. കെട്ടിടത്തിലുണ്ടായിരുന്നു.

നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്ന് സായാഹ്ന ഒ.പി. പുനരാരംഭിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നുമുതൽ ആറുവരെയാണ് സായാഹ്ന ഒ.പി. പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ഭൗതികസൗകര്യം അനുസരിച്ചാണ് രോഗികൾക്ക് ഇവിടെ കിടത്തിച്ചികിത്സ നൽകുന്നത്. അഡ്മിറ്റ് ചെയ്യുന്ന രോഗികൾ രാത്രി വീട്ടിൽപ്പോയി കിടന്നിട്ട് രാവിലെ വരുന്ന പതിവാണുള്ളത്. രാത്രിയിൽ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനാലാണിത്. ദിവസവും 300-ലധികം രോഗികളാണ് ഇവിടെ എത്തുന്നത്.