നീണ്ടകരയിൽ ഗതാഗതതടസ്സം: വാഹനങ്ങൾ മണിക്കൂറുകൾ കുരുക്കിൽ

കൊല്ലം : ചവറ-കൊല്ലം പാതയിൽ നീണ്ടകരയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു.

പെരുമ്പാവൂരിൽനിന്ന് കൊല്ലത്തേക്ക് എം സാൻഡ് കയറ്റിവന്ന വലിയ ലോറി സാങ്കേതിക തകരാറിനെതുടർന്ന് പാലത്തിൽ നിന്നുപോയതാണ് കാരണമായത്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.

പോലീസെത്തി ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും അപ്പോഴേക്കും വാഹനങ്ങളുടെ നീണ്ടനിര ഇരുഭാഗത്തും ഉണ്ടായിരുന്നു. തുടർന്ന് ലോറി ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സ്‌കൂൾ, ഓഫീസ് സമയമായതിനാൽ ഈ നേരത്ത് ഇവിടെ വളരെ​യധികം തിരക്കാണ് അനുഭവപ്പെടുന്നത്. ചവറ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിട്ടെങ്കിലും കൊല്ലത്തേക്കുള്ള കെ.എസ്.ആർ.ടി.സി.-സ്വകാര്യ ബസുകൾ, സ്‌കൂൾ വണ്ടികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കിൽപ്പെട്ടത്. നീണ്ടകര പാലംമുതൽ വേട്ടുതറ കഴിഞ്ഞും വാഹനങ്ങളുടെ നിര നീണ്ടു.

പത്തുമണിയോടെ ചവറയിൽ ബസ് ബ്രേക്ക്ഡൗണായും ഗതാഗതതടസ്സമുണ്ടായി.

പാലത്തിൽ കുരുക്ക് പതിവ്

:നീണ്ടകര പാലത്തിൽ വാഹനങ്ങൾ ബ്രേക്ക്ഡൗണായി കുരുക്കിൽപ്പെടുന്നത് പതിവാണ്. ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ റോഡ് പലയിടത്തും അടച്ചിരിക്കുകയാണ്.

റോഡിന്റെ പല ഭാഗത്തും കുഴികളുമുണ്ട്. വർഷങ്ങൾ പഴക്കംചെന്ന പാലത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകാനുള്ള വീതിയേയുള്ളൂ. ചരക്കുവാഹനങ്ങളും നിർമാണ സാമഗ്രികളുമായി എത്തുന്ന വലിയ വാഹനങ്ങളും മിക്കപ്പോഴും ഇവിടെ കുടുങ്ങുന്നത് പതിവാണ്.

രാവിലെയും വൈകീട്ടും തിരക്കേറിയ സമയങ്ങളിൽ ബസുകൾ ബ്രേക്ക്ഡൗണായി മണിക്കൂറുകൾ നീണ്ട ഗതാഗതതടസ്സം ഉണ്ടാകാറുണ്ട്.

നിലവിലെ പാലത്തോടു ചേർന്നുള്ള പുതിയ പാലങ്ങളുടെ പണി ഇനിയും പൂർത്തിയായിട്ടില്ല. രാത്രിയിൽ പാലത്തിൽ വെളിച്ചമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. പുതിയ പാലംപണി തുടങ്ങിയതുമുതൽ ഇവിടെ വെളിച്ചമില്ല. വിളക്കുകാലുകൾ തുരുമ്പെടുത്തു. ഒന്നോ രണ്ടോ എണ്ണത്തിൽ മാത്രമാണ് ബൾബുകൾ ഉള്ളത്.

ഹാർബർ അടുത്തായതിനാൽ മത്സ്യക്കച്ചവടക്കാർ ഉൾ​െപ്പടെയുള്ള നൂറുകണക്കിന് ആളുകളാണ് പുലർ​െച്ച ഇതുവഴി പോകുന്നത്.