ചിതറയിൽ സ്‌കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 24 വിദ്യാർഥികൾക്ക് പരിക്ക്

കടയ്ക്കൽ : സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 24 വിദ്യാർഥികൾക്ക് പരിക്ക്. ബസ് ഡ്രൈവർക്കും ആയയ്ക്കും പരിക്കുണ്ട്. കുട്ടികൾക്കും ഡ്രൈവർക്കും നിസ്സാര പരിക്കാണുള്ളത്. ചിതറയിൽ കാനൂർ- വളവുപച്ച പാതയിൽ മഹാദേവർകുന്ന് തേരിയിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച വൈകീട്ട് 4.30-നാണ് സംഭവം. കൊല്ലായിൽ ഗവ. എൽ.പി. സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്.

സ്‌കൂൾവിട്ട് കുട്ടികളുമായി പോയ ബസ് കയറ്റം കയറുമ്പോൾ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം തിരികെ താഴോട്ട് ഇറങ്ങുകയും സമീപത്തെ വീടിനു മുന്നിലെ മരത്തിൽ ഇടിക്കുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്ന ഇരുചക്രവാഹനത്തിലും ഇടിച്ചശേഷമാണ് ബസ് മറിഞ്ഞത്. വിദ്യാർഥികളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ വാഹനങ്ങളിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെത്തുതുടർന്ന് സ്കൂൾ ബസ് ഭാഗികമായി തകർന്നനിലയിലാണ്. ബസ് ഡ്രൈവറും ഉടമയുമായ മടത്തറ ഒഴുകുപാറ ബ്ലോക്ക് നമ്പർ 121-ൽ ഷാജഹാന്(58) നിസ്സാരമായ പരിക്കാണുള്ളത്. ഇയാളുടെ ഭാര്യയും സ്‌കൂളിലെ ആയയുമായ സഫീന(53)യ്ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു.

വർഷങ്ങളായി ഷാജഹാന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് സ്‌കൂളിനുവേണ്ടി ഓടുന്നത്. സംഭവത്തിൽ ചിതറ പോലീസ് കേസെടുത്തു.