ദേശീയ ക്ഷീരദിനാചരണം: വിദ്യാർഥികൾ മിൽമ പ്ലാന്റ് സന്ദർശിച്ചു

കൊല്ലം : ശാസ്ത്രീയമായഗുണനിലവാര പരിശോധനകളോടെ മിൽമ പാലും പാലുത്‌പന്നങ്ങളുംസംസ്കരിച്ച് പാക്കറ്റിലാക്കുന്നതിന്റെ പ്രദർശനം വിദ്യാർഥികൾക്ക് കൗതുകമായി. ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി കൊല്ലംകൊല്ലം തേവള്ളിയിലെ മിൽമ ​െഡയറിയിലാണ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുംസന്ദർശനത്തിന് അവസരമൊരുക്കിയത്.ക്ഷീരസംഘങ്ങളിൽനിന്ന് ശേഖരിക്കുന്ന പാൽ വിവിധ ചില്ലിങ് യൂണിറ്റുകളിൽ ശേഖരിച്ചശേഷമാണ് പ്ലാന്റിലെത്തിക്കുന്നത്. ഇവിടെ പാസ്ചുറൈസേഷൻ നടത്തി പാൽ അണുവിമുക്തമാക്കും. പാൽ പാടകെട്ടാതിരിക്കാൻ എല്ലാഭാഗത്തെയും കൊഴുപ്പ് ഒരുപോലെയാക്കുന്ന ഹോമോജനൈസേഷൻ, ആവശ്യമായ കൊഴുപ്പും കൊഴുപ്പിതര ഘടകങ്ങളും ഉറപ്പാക്കുന്ന സ്റ്റാൻഡേഡൈസേഷൻ എന്നീ പ്രക്രിയകളുമുണ്ട്. സംസ്കരിച്ച് സംഭരണിയിൽ സൂക്ഷിക്കുന്ന പാലിന്റെ സാമ്പിൾ ലബോറട്രിയിൽ ഗുണനിലവാരപരിശോധനയ്ക്കു വിധേയമാക്കും. തുടർന്ന് ഫില്ലിങ് മെഷീനുകളുടെ സഹായത്തോടെ പാൽ കവറുകളിൽ പാക്ക് ചെയ്യുന്നു.

പ്രതിദിനം 1.7 ലക്ഷം ലിറ്റർ പാൽ ഇവിടെനിന്ന് വിപണിയിലെത്തിക്കുന്നതായി ​െഡയറി മാനേജർ എസ്.ജി. അജിത്കുമാർ പറഞ്ഞു. മോരും ആറായിരം ലിറ്റർ തൈരും ദിവസവും ഉത്‌പാദിപ്പിക്കും. 65 ടൺ നെയ്യ് പ്രതിമാസം വിൽപ്പന നടത്തുന്നു. പ്രൊഡക്‌ഷൻ ഹെഡ് എൽ.ശ്രീരേഖ, മാർക്കറ്റിങ്‌ ഹെഡ് ടി.എ. അനുഷ എന്നിവരുടെ നേതൃത്വത്തിലാണ് പ്ലാന്റിന്റെ പ്രത്യേകതകൾ സന്ദർശകർക്ക് വിശദീകരിക്കുന്നത്.ക്ഷീരദിനാഘോഷം മിൽമ ബോർഡ്‌ അംഗം പി.ജി. വാസുദേവൻ ഉണ്ണി ഉദ്ഘാടനം ചെയ്തു അംഗങ്ങളായ കെ.ആർ. മോഹനൻപിള്ള, കെ. അനിമോൻ, ജെ. മെഹർ, എൻ.രാജൻ, ഗോപകുമാർ, എം.ആർ. സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷീരദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വ്യാഴാഴ്ചകൂടി പൊതുജനങ്ങൾക്ക് പ്ലാൻറ് സന്ദർശിക്കാൻ അവസരമുണ്ട്. മിൽമയുടെ ഐസ് ക്രീം, പനീർ, നെയ്യ് തുടങ്ങിയ ഉത്‌പന്നങ്ങൾ 25 ശതമാനം വിലക്കുറവിൽ പ്രത്യേക സ്റ്റാളിൽ ലഭിക്കും.