ബസില്ല, നടന്നു മടുത്ത് ജനം

ചിതറ : ഗ്രാമീണപാതകൾ ഏറെയുള്ള പഞ്ചായത്താണ് ചിതറ. പഞ്ചായത്തിലൂടെ കടന്നുപോകുന്ന പാരിപ്പള്ളി-മടത്തറ റോഡ് ചിതറ-പാങ്ങോട്, കിഴക്കുംഭാഗം പാങ്ങോട്, കാഞ്ഞിരത്തുംമൂട്-അഞ്ചൽ റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണ് എപ്പോഴും ബസുള്ളത്. എണ്ണപ്പനത്തോട്ടങ്ങളുമായും വനമേഖലയുമായും അതിർത്തി പങ്കിടുന്ന വാർഡുകളിലും കുമ്മിൾ, പാങ്ങോട് പഞ്ചായത്തുകളോടു ചേർന്ന പ്രദേശങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്. മിക്ക വാർഡുകളിൽനിന്നും മൂന്നും നാലും കിലോമീറ്റർ നടന്നാലാണ് പ്രധാന പാതകളിൽ എത്താനാകുക.
പാറയ്ക്കാട്-പെരിങ്ങാടുവഴി തിരുവനന്തപുരത്തേക്ക് ഉണ്ടായിരുന്ന ബസ് സർവീസ് കണ്ണങ്കോട്, തോട്ടംമുക്ക് ഭാഗങ്ങളിലുള്ളവർക്ക് വലിയ ആശ്വാസമായിരുന്നു. അതു നിർത്തിയതോടെ, ഇപ്പോൾ കിലോമീറ്ററുകൾ സഞ്ചരിച്ച് പാറയ്ക്കാട്ടും ഐരക്കുഴിയിലും എത്തിയാണ് ഇവിടെയുള്ളവർ ബസ് കയറുന്നത്. മാടൻകാവ്, മഞ്ഞപ്പാറ-ഉണ്ണിമുക്ക്, വേങ്കോട്-നാട്ടുകല്ല്-കൊച്ചരിപ്പ-ഇടപ്പണ, മുള്ളിക്കാട്-കൊല്ലായിൽ, മാങ്കോട്, തലവരമ്പ്, കാരിച്ചിറ, തെറ്റിമുക്ക് തുടങ്ങിയ മേഖലകളിലൂടെയെല്ലാം കെ.എസ്.ആർ.ടി.സി. ബസുകൾ തിരുവനന്തപുരം, ചടയമംഗലം ഭാഗത്തേക്കെല്ലാം സർവീസ് നടത്തിയിരുന്നതാണ്. എന്നാൽ വർഷങ്ങളായി ഒരു ബസും ഓടുന്നില്ല.
മൂന്നും നാലും കിലോമീറ്റർ നടന്നാണ് കുട്ടികൾ സ്കൂളുകളിലേക്കു പോകുന്നത്. ചല്ലിമുക്ക്-ചക്കമല-കിളിത്തട്ട്, ചക്കമല എൽ.പി.എസ്. ഭാഗം തുടങ്ങി പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും യാത്രാക്ലേശമുണ്ട്. ഈ മേഖലകൾ കേന്ദ്രീകരിച്ച്, കൃത്യമായ ആസൂത്രണത്തോടെ ഗ്രാമവണ്ടി സർവീസ് ആരംഭിച്ചാൽ പ്രശ്നപരിഹാരമാകും.
തകർന്ന് ഗ്രാമീണപാതകൾ
:പഞ്ചായത്തിലെ ഐരക്കുഴി, മാടൻകാവ്, വളവുപച്ച, അരിപ്പൽ, ചക്കമല, കിളിത്തട്ട്, കാരിച്ചിറ തുടങ്ങിയ വാർഡുകളിലെ ഗ്രാമീണപാതകളിൽ പലതും തകർച്ചയിലാണ്. ടാറും മെറ്റലുമിളകിയ പാതകളിലൂടെ ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ജനവാസം കുറഞ്ഞ കൊച്ചുതോട്ടംമുക്ക്-കണ്ണങ്കോട് മേഖലയിലെ റോഡിൽ മാലിന്യംതള്ളലും വ്യാപകമാണ്.
(നാളെ-തകർന്ന് കാർഷികമേഖല)