കാട്ടുപന്നി ഓട്ടോറിക്ഷ ഇടിച്ചുമറിച്ചു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പത്തനാപുരം : സവാരി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ഓട്ടോറിക്ഷ ഇടിച്ചുമറിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. വാരിയെല്ലിനും നട്ടെല്ലിനും ഇടുപ്പെല്ലിനും സാരമായി പരിക്കേറ്റ പട്ടാഴി തെക്കേത്തേരി തെന്നൂർ വീട്ടിൽ വിജയചന്ദ്രൻപിള്ളയെ(59) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10-ന് പട്ടാഴി പന്ത്രണ്ടുമുറി ജങ്ഷന് സമീപത്തായിരുന്നു അപകടം. പത്തനാപുരത്ത് ഓട്ടംകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു സംഭവം. റോഡിന് കുറുകെച്ചാടി ഓട്ടോറിക്ഷയിൽ ഇടിച്ച കാട്ടുപന്നി, ഓട്ടോ കുത്തിമറിക്കുകയായിരുന്നു.
ഓട്ടോറിക്ഷയ്ക്ക് അടിയിൽപ്പെട്ട ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ബന്ധുക്കൾ വിദഗ്ധചികിത്സയ്ക്കായി വിജയചന്ദ്രൻപിള്ളയെ ഞായറാഴ്ച തിരുവനന്തപുരത്തേക്ക് മാറ്റി.
പിടവൂർ-പട്ടാഴി പാതയിൽ പെരുകുന്ന കാട്ടുപന്നിശല്യം വാഹന യാത്രികർക്ക് ഭീഷണിയായിട്ട് നാളേറെയായി. റോഡിന് കുറുകെച്ചാടുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്നും പലരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.