ചോർച്ചയുടെ ഉറവിടം കണ്ടെത്താനായില്ല; സമാന്തരമായി വിതരണക്കുഴലിട്ടു

പുനലൂർ പദ്ധതിയിലെ ജലവിതരണം ഇന്ന് പൂർണതോതിലാവും

പുനലൂർ :നഗരസഭാപ്രദേശത്ത് വെള്ളമെത്തിക്കുന്ന പുനലൂർ ജലവിതരണപദ്ധതിയുടെ, കൊല്ലം-തിരുമംഗലം ദേശീയപാതയിലൂടെ സ്ഥാപിച്ചിട്ടുള്ള വിതരണക്കുഴലിലെ ചോർച്ച നാലാംദിവസവും കണ്ടെത്താനായില്ല. തുടർന്ന് ജലവിതരണം പുനഃസ്ഥാപിക്കാൻ, നിലവിലെ കുഴലിനു സമാന്തരമായി പുതിയതു സ്ഥാപിച്ചു. ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ റോഡിന്റെ മധ്യഭാഗം കുഴിക്കേണ്ടിവരുമെന്നതിനാലാണ് പുതിയ കുഴൽ സ്ഥാപിച്ചത്.

ചോർച്ച കണ്ട കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ 20 മീറ്റർ നീളത്തിൽ 200 മില്ലിമീറ്റർ വ്യാസമുള്ള ആസ്ബസ്‌സ്റ്റോസ് സിമന്റ് (എ.സി.) കുഴലാണ് സമാന്തരമായി സ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി പ്രവൃത്തി പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചു. ഈ കുഴൽവഴി ജലവിതരണം നടത്തുന്ന പട്ടണത്തിലും തൊളിക്കോട് പ്രദേശങ്ങളിലും ശനിയാഴ്ചയോടെ പൂർണതോതിൽ വെള്ളമെത്തുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. ആറുദിവസം മുൻപാണ് കെ.എസ്.ആർ.ടി.സി. ജങ്ഷനിൽ ചോർച്ച കണ്ടത്. തുടർന്ന് ഇവിടെ പലയിടത്തായി റോഡ് പൊളിയുകയും റൗണ്ട് എബൗട്ടിനോടു ചേർന്ന് റോഡിന്റെ നടുവിൽ വൻ കുഴി രൂപപ്പെടുകയും ചെയ്തു.

അന്നുമുതൽ പട്ടണത്തിലും തൊളിക്കോട് പ്രദേശങ്ങളിലും ജലവിതരണം മുടങ്ങി. ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ ജല അതോറിറ്റി അധികൃതർ സ്ഥലത്ത് നാലുദിവസമായി കുഴിച്ചു പരിശോധിക്കുകയാണ്. ഇത് നാട്ടുകാരുടെ എതിർപ്പിനു കാരണമായതോടെയാണ് പുതിയ കുഴൽ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്.

അരനൂറ്റാണ്ടു മുൻപ് റോഡിനടിയിൽ സ്ഥാപിച്ച വിതരണക്കുഴലുകൾ ഏതൊക്കെ ദിശയിലൂടെയാണു കടന്നുപോകുന്നതെന്ന് ഉദ്യോഗസ്ഥർക്ക് കൃത്യമായ ധാരണ ലഭിക്കാത്തതുമൂലമാണ് ചോർച്ചയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത്.