ജീവന് ഭീഷണിയായി റോഡിലെ മരങ്ങൾ

ശാസ്താംകോട്ട : ശാസ്താംകോട്ട ജങ്ഷനിൽ പാതയോരങ്ങളിൽ നിൽക്കുന്ന വലിയ വൃക്ഷങ്ങൾ ജീവന് ഭീഷണിയാകുന്നു.
ഉണങ്ങിയും ചുവടുദ്രവിച്ചും വേരുകൾ തെളിഞ്ഞും നിൽക്കുന്ന വാകമരങ്ങളാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഭീഷണിയാകുന്നത്.
വ്യാഴാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും തെക്കേ ബസ് സ്റ്റോപ്പിനും ഓട്ടോ സ്റ്റാൻഡിനും സമീപത്തുനിന്ന വാകമരം ഒടിഞ്ഞുവീണത് ആശങ്കപരത്തി. ഓട്ടോത്തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതുവഴി യാത്രക്കാരില്ലാതിരുന്നതും തുണയായി.
ഉണങ്ങിനിൽക്കുന്ന ശിഖരങ്ങൾ ഒടിഞ്ഞുവീഴുന്നതും പതിവാണ്. അടുത്തിടെ ഉണങ്ങിയ ശിഖരംവീണ് ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയ്ക്ക് തകർച്ചയുണ്ടായി.
തലയ്ക്കുമീതേ ഭീഷണിയായി വാകമരങ്ങളുടെ ശിഖരങ്ങൾ
ശാസ്താംകോട്ട ബസ് സ്റ്റോപ്പിലെയും പോസ്റ്റ് ഓഫീസിന് സമീപത്തെയും വാകമരങ്ങളുടെ വലിയ ശിഖരങ്ങൾ പ്രധാനപാതയിലേക്ക് ചാഞ്ഞാണ് കിടപ്പ്. മഴക്കാലമാകുമ്പോൾ വെള്ളംതങ്ങിനിന്ന് ഇലയുടെയും ശിഖരങ്ങളുടെയും ഭാരംകാരണം അവ താഴ്ന്ന് യാത്രക്കാരുടെ തലയ്ക്കുമീതേ ഭീഷണിയായി നിൽക്കുകയാണ്. ഏതുസമയവും ഒടിഞ്ഞുവീഴുന്ന നിലയിലാണ്.
ഡി.ബി. കോളേജ്, ശാസ്താംകോട്ട ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ ഉൾപ്പെടെയുള്ള വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്നത് ഈ മരങ്ങളുടെ കീഴേയാണ്. വൃക്ഷമോ ശിഖരമോ വീണാൽ വലിയ ദുരന്തമാകും ഫലം. നിലവിൽ കിഫ്ബിയാണ് മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അനുമതി നൽകേണ്ടത്. പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അപകടകരമായ വൃക്ഷങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ടൗൺ വാർഡ് അംഗം എസ്. ദിലീപ്കുമാർ കിഫ്ബി അധികൃതർക്ക് പരാതി നൽകി.
തേനി ദേശീയപാതയിലും ഭീഷണിയായി മരങ്ങൾ
കൊല്ലം-തേനി ദേശീയപാതയിൽ ഭരണിക്കാവിനും ശൂരനാട് വയ്യാങ്കരയ്ക്കുമിടയിൽ ഒട്ടേറെ മരങ്ങൾ ചുവടുദ്രവിച്ച് വീഴാവുന്ന നിലയിലാണ്. കോട്ടപ്പുറത്തിനുസമീപം വളവിൽ അപകടകരമായ രീതിയിൽ പാതയിലേക്ക് നിൽക്കുന്ന വൃക്ഷങ്ങൾ ഇതുവരെയും വെട്ടിമാറ്റിയില്ല. ആനയടി ജങ്ഷനും കോട്ടപ്പുറത്തിനുമിടയിൽ പാതയ്ക്കിരുവശവും വലിയ വൃക്ഷങ്ങൾ നിലംപൊത്താവുന്ന അവസ്ഥയിലാണ്. മരങ്ങൾ ഉണങ്ങിയും നിൽക്കുന്നുണ്ട്. മഴയും കാറ്റുമുള്ള സന്ദർഭങ്ങളിൽ ശിഖരങ്ങൾ ഒടിഞ്ഞ് പാതയിലേക്ക് വീഴുന്നത് പതിവാണ്.
അപകടകരമായ വൃക്ഷങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുന്നതിന് നടപടിയെടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എന്നാൽ അവർ എത്ര പരാതി ഉയർന്നാലും നടപടി എടുക്കാറില്ല. ആനയടി ജങ്ഷന് തെക്കുഭാഗത്തെ അപകടകരമായ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ രാമാനുജൻ കർത്ത മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് നടപടിയിലേക്ക് കടക്കുകയാണ്.