എല്ലാം പഴയപടി...പീരങ്കിമൈതാനത്ത് മാലിന്യക്കെട്ടുകൾ ഒഴിയുന്നില്ല

കൊല്ലം : കുഴിച്ചിട്ട മാലിന്യം പുറത്തെടുത്തു, മണ്ണുനീക്കി കെട്ടുകളാക്കി, പിന്നെല്ലാം പഴയപടിതന്നെ. ഇനിയും നീക്കംചെയ്യാതെ മാലിന്യക്കെട്ടുകൾ പീരങ്കിമൈതാനത്തു കൂടിക്കിടക്കുകയാണ്. പുതിയ സംവിധാനമുപയോഗിച്ച്
മൈതാനത്തെ മാലിന്യക്കൂമ്പാരം ഒരു മാസംകൊണ്ട് ക്ലീനാക്കുമെന്നാണു പറഞ്ഞിരുന്നത്. ജൂൺ ആദ്യം ആധുനികരീതിയിലുള്ള മെഷിനറി സംവിധാനമുപയോഗിച്ച് ശാസ്ത്രീയമായി ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് റീസൈക്കിൾ ചെയ്യുന്ന പ്രവർത്തനങ്ങളും തുടങ്ങി. രാത്രിയും പകലും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ മാലിന്യം റീസൈക്കിൾചെയ്ത്, ഇതിൽനിന്ന് പ്ലാസ്റ്റിക് വേർതിരിച്ച് സിമന്റ് കമ്പനിക്കു കൈമാറുമെന്നാണ് അറിയിച്ചിരുന്നത്.
മുൻപ് പലതവണകളായി കോർപ്പറേഷൻ മൈതാനത്തും പരിസരപ്രദേശങ്ങളിലും തള്ളിയതും കുഴിച്ചിട്ടതും ടൺകണക്കിനു മാലിന്യമാണ്. കുരീപ്പുഴ ചണ്ടിഡിപ്പോയിൽ മാലിന്യം തള്ളുന്നത് നിർത്തിയതോടെ പീരങ്കിമൈതാനം മാലിന്യകേന്ദ്രമായി. വിവിധ സ്ഥലങ്ങളിൽനിന്നുള്ള മാലിന്യം കോർപ്പറേഷൻ വാഹനങ്ങളിലെത്തിച്ച് ഇവിടെ തള്ളുന്നതു പതിവായി. പുതിയ ഭരണസമിതി അധികാരമേറ്റശേഷം മാലിന്യം നീക്കംചെയ്യാൻ നടപടി സ്വീകരിച്ചു. കുഴിച്ചെടുത്ത മാലിന്യങ്ങൾ യന്ത്രമുപയോഗിച്ച് മണ്ണും പ്ലാസ്റ്റിക്കുമായി വേർതിരിച്ചു. മണ്ണ് കോർപ്പറേഷന്റെതന്നെ സ്ഥലത്തേക്കു മാറ്റാനുമായിരുന്നു തീരുമാനം. ഒരു മാസംകൊണ്ടുതന്നെ മൈതാനം വൃത്തിയാക്കി ഉപയോഗപ്രദമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, വേർതിരിച്ച മാലിന്യങ്ങൾ കെട്ടുകളാക്കി മൈതാനത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. മഴയിൽ കെട്ടുകളിൽ വീണ്ടും മണ്ണും ചെളിയും കയറി. കെട്ടുകൾ പൊട്ടി കുറെയധികം പ്ലാസ്റ്റിക്കുകൾ നിരന്നിട്ടുമുണ്ട്. വളരെയധികം ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് പീരങ്കിമൈതാനം. കലാ-കായിക, സാംസ്കാരിക പ്രവർത്തനങ്ങൾക്കുൾപ്പെടെ പ്രയോജനപ്പെടുത്താവുന്ന ഇടംകൂടിയാണിത്.