ഭീഷണിയായി പാറമടക്കുളങ്ങൾ

കടയ്ക്കൽ :വൻതോതിൽ പാറഖനനം നടത്തിയശേഷം ഉപേക്ഷിച്ച ഇടങ്ങളിൽ വെള്ളം നിറഞ്ഞുണ്ടായ പാറക്കുളങ്ങൾ അപകടഭീതിയുയർത്തുന്നു. പാറ പൊട്ടിച്ചശേഷമുണ്ടായ ഇത്തരം കുളങ്ങൾ നാട്ടുകാർക്ക് ഭീഷണിയാകുമ്പോഴും നടപടിയെടുക്കാതെ അധികൃതർ.
ചിതറ, കുമ്മിൾ ഗ്രാമപ്പഞ്ചായത്തുകളുടെ പരിധിയിലുള്ള തൂറ്റിക്കൽ, കൊണ്ടോടി വാർഡുകളിലാണ് പാറക്കുളങ്ങൾ അപകടനിലയിലുള്ളത്. പ്രദേശത്ത് നാലിടങ്ങളിൽ ഇത്തരം വലിയ കുളങ്ങളുണ്ട്. ഒരുകാലത്ത് ലോഡുകണക്കിന് പാറ ഇവിടെനിന്നു പൊട്ടിച്ചുകൊണ്ടുപോയിരുന്നു.
ഖനനത്തിനുശേഷം ശേഷിച്ച വമ്പൻ കുഴികളിൽ വൻതോതിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണിപ്പോൾ. ജനവാസമേഖലയ്ക്കു സമീപമാണ് ഇത്തരം പാറക്കുളങ്ങളുള്ളത്. ജനജീവിതത്തിനും പരിസ്ഥിതിക്കും കുളങ്ങൾ ഭീഷണിയായിരിക്കുന്നു. ഈ ജലാശയങ്ങൾ നൂറടിവരെ താഴ്ചയുള്ളതാെണന്ന് നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ ജലനിരപ്പുയർന്നിട്ടുണ്ട്.
അണക്കെട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതുപോലെയാണിപ്പോൾ. കുളങ്ങളിൽ മാലിന്യം തള്ളുന്നതായും പരാതിയുണ്ട്. കെട്ടിക്കിടക്കുന്ന മലിനജലം കൊതുക് പെരുകുന്നതിനും കാരണമാകുന്നു. ഇതിന്റെ വശങ്ങളിൽ തകർച്ചയുണ്ടായാൽ അടുത്ത പ്രദേശങ്ങൾ ഒലിച്ചുപോകുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു.
ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള കുളങ്ങൾ പരിശോധിക്കാനോ സുരക്ഷാനടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. ഖനനത്തിനുശേഷം കുഴികൾ നികത്തണമെന്ന ചട്ടവും പാലിക്കുന്നില്ല.