ദുരിതത്തിലായി ചെറുമങ്ങാട്ടെ കുടുംബങ്ങൾ

മുറ്റവും പുരയിടവും വെള്ളക്കെട്ടും ചെളിയും
പുത്തൂർ : ചെളിയും വെള്ളക്കെട്ടും കാരണം പുറത്തിറങ്ങാൻ വയ്യ. കൈച്ചാലുകൾ കവിഞ്ഞ് മുറ്റത്തേക്കൊഴുകിയിറങ്ങുന്നു. ഉറവ രൂപപ്പെട്ട് മുറ്റവും പുരയിടവുമെല്ലാം പുതഞ്ഞുതാഴുന്നു. പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്തിലെ പുത്തൂർ ചെറുമങ്ങാട് ഗ്രാമത്തിലെ ചില കുടുംബങ്ങളുടെ വർഷങ്ങളായുള്ള ദുരിത ജീവിതമാണിത്. ചേരിയിൽ തെക്കേതിൽ വീട്ടിൽ സി. ഓമന, സമീപവാസികളായ രമ്യ ഭവനിൽ രമ്യ, രത്നമ്മ എന്നിവരുടെ കുടുംബങ്ങളാണ് ദുരിതംപേറുന്നവരിൽ മുൻപന്തിയിൽ. കനത്ത മഴക്കാലമാകുമ്പോൾ മറ്റുള്ളവർക്കും ബുദ്ധിമുട്ടുകളുണ്ടാകാറുണ്ടത്രേ. എല്ലാ വർഷവും ജൂൺമാസംമുതൽ ദുരിതം തുടങ്ങും. വേനൽ കടുക്കുന്നതോടെ മാത്രമേ ചെറിയ ആശ്വാസം തുടങ്ങുകയുള്ളു.
ചെറുമങ്ങാട് വെള്ളംകൊള്ളി ഏലായ്ക്കുസമീപമാണ് ഇവരുടെ വീടുകൾ. ഓമനയുടെ വീട്ടിലേക്ക് കടന്നുചെല്ലാൻ ചെറിയ നടവഴി മാത്രമേയുള്ളു. ഇതിലൂടെയും മഴസമയത്ത് വെള്ളം വീട്ടുമുറ്റത്തേക്കാണ് ഒഴുകിയിറങ്ങുന്നത്. മുറ്റത്തിന്റെ അതിരിലുള്ള ചെറിയ ചാൽ എപ്പോഴും നിറഞ്ഞുകവിഞ്ഞു കിടക്കുകയാണ്. കിണറ്റിൽ ജലനിരപ്പ് മുകളിലെത്ത തൊടിപൊട്ടി മുറ്റത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്നു. ഇത് ഇടിഞ്ഞുവീഴാറായ നിലയിലുമാണ്. മുറ്റത്ത് ഇരുചക്രവാഹനം വച്ചാൽ സ്റ്റാന്റ് താഴ്ന്ന് മറിയും. അതിനാൽ നിരപ്പുള്ള കല്ലിട്ട് അതിനുമുകളിലാണ് വയ്ക്കുക.
വീടിനും കേടുപാടുകൾ ഏറെയുണ്ട്. ഈ നില തുടർന്നാൽ അധികം താമസിയാതെ നിലംപൊത്തിയേക്കുമെന്നും ഓമന പറയുന്നു. രണ്ട് മക്കളോടൊപ്പമാണ് ഓമന ഇവിടെ താമസിക്കുന്നത്. വിദ്യാർഥികളായ രണ്ടു പെൺകുട്ടികളോടൊപ്പം താമസിക്കുന്ന രമ്യയുടെ വീടിന്റെ അവസ്ഥയും ഭിന്നമല്ല. ചെറിയ വീടിനു ചുറ്റും ഊറ്റിറങ്ങി വെള്ളം കെട്ടിക്കിടക്കുന്നു. ശക്തമായ മഴപെയ്യുമ്പോൾ അവസ്ഥ കൂടുതൽ ദുരിതമാകും. ഇവരുടെ അമ്മ സമീപത്ത് താമസിക്കുന്ന രത്നമ്മയുടെ പുരയിടത്തിലും മുറ്റത്തും ചാലുകൾപോലെയാണ് വെള്ളക്കെട്ട്.
നേരേത്തതന്നെ വെള്ളക്കെട്ടിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും സമീപത്തെ പുരയിടം മണ്ണിട്ട് ഉയർത്തിയതു മുതലാണ് ഇത്രയും കൂടിയതെന്നാണ് വീട്ടുകാരുടെ പരാതി.