സ്നാനഘട്ടങ്ങളിൽ തീർഥാടകരുടെ സുരക്ഷ ‘വെള്ളത്തിലായേക്കും’

മണ്ഡലകാല അവലോകനയോഗത്തിലും സുരക്ഷ ചർച്ചയായില്ല
പുനലൂർ : മണ്ഡലകാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ, പുനലൂർ ടി.ബി. ജങ്ഷനിലെ സ്‌നാനഘട്ടത്തിൽ സ്ഥിരമായ സുരക്ഷാസംവിധാനങ്ങളൊരുക്കുന്നതിന് ഇക്കുറിയും ആലോചനയില്ല.
ശബരിമല തീർഥാടകരുൾപ്പെടെ കുളിക്കാനിറങ്ങുന്ന കല്ലടയാറ്റിലെ കടവ് സുരക്ഷിതമായി വേർതിരിക്കാൻ ഇരുമ്പുപൈപ്പു(ജി.ഐ.)കൊണ്ട് സ്ഥിരമായ സംരക്ഷണവേലി നിർമിക്കുമെന്ന് ആറു വർഷം മുൻപ് ടൂറിസം വകുപ്പ് നൽകിയ വാഗ്ദാനം ഇനിയും ‘ജലരേഖ’യായി തുടരുന്നു.
മണ്ഡലകാലത്ത് അയൽസംസ്ഥാനക്കാരടക്കം നൂറുകണക്കിനു തീർഥാടകർ തമ്പടിക്കുന്ന പുനലൂരിൽ 14 വർഷം മുൻപ് വിനോദസഞ്ചാരവകുപ്പ് നിർമിച്ചതാണ് സ്‌നാനഘട്ടം. കുളിക്കടവ്, വിരിവെക്കാനുള്ള മണ്ഡപം, ഭക്ഷണശാല, ശൗചാലയങ്ങൾ തുടങ്ങിയവ അടങ്ങുന്ന സംവിധാനമാണിത്. കല്ലടയാറ്റിൽ ഏറെ ആഴമുള്ള ഭാഗത്താണ് സ്നാനഘട്ടം നിർമിച്ചിട്ടുള്ളത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ്(ഡി.ടി.പി.സി.) മേൽനോട്ടച്ചുമതല.
വൃശ്ചികം ഒന്നുമുതൽ മകരവിളക്കുവരെയുള്ള രണ്ടുമാസക്കാലം വൻ തിരക്കാണ് സ്‌നാനഘട്ടത്തിൽ അനുഭവപ്പെടാറുള്ളത്. കുളിക്കാനിറങ്ങുന്ന തീർഥാടകരുടെ സുരക്ഷയാണ് ഇവിടെ ഏറ്റവുമധികം ഭീഷണിയായുള്ളത്. എല്ലാക്കൊല്ലവും മുളങ്കമ്പുകൊണ്ട് താൽക്കാലിക വേലി നിർമിക്കുകയാണ് ചെയ്തുവരുന്നത്. അനധികൃത മണൽവാരലിനെത്തുടർന്ന് ആഴം വർധിച്ച കടവിൽ മുളവേലി സുരക്ഷിതമല്ല. ദിവസങ്ങൾക്കുള്ളിൽ വേലി പൊളിഞ്ഞ് ആറ്റിൽ വീഴുകയാണു പതിവ്. ഈ പശ്ചാത്തലത്തിലാണ് ജി.ഐ. പൈപ്പുകൊണ്ട് സംരക്ഷണവേലി നിർമിക്കാൻ 2019-ൽ ഡി.ടി.പി.സി. പദ്ധതിയിട്ടത്.
എന്നാൽ, ഇതേവരെ പദ്ധതി നടപ്പായിട്ടില്ല.
കഴിഞ്ഞ കൊല്ലം ഇവിടെ നിർമിച്ച മുളവേലിയും ദിവസങ്ങൾക്കുള്ളിൽ പൊളിഞ്ഞ് ആറ്റിൽ വീണിരുന്നു. ഇതുമൂലം ഏറ്റവും ആഴംകൂടിയ ഭാഗം ഏതെന്നു തിരിച്ചറിയാനാവാതെയാണ് ഇവിടെ ഇപ്പോഴും ആളുകൾ കുളിക്കാനിറങ്ങുന്നത്.
മണ്ഡലകാല ഒരുക്കങ്ങളെക്കുറിച്ച് അവലോകനം നടത്താൻ കഴിഞ്ഞയാഴ്ച സി. അജയപ്രസാദ് എം.എൽ.എ.യും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ. രാജുവും ചേർന്ന് പുനലൂരിൽ വിളിച്ചുചേർത്ത യോഗത്തിലും ഇക്കാര്യം ചർച്ചചെയ്തില്ല. യോഗത്തിൽ മാധ്യമപ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചതുമില്ല.