ഭക്ഷ്യസുരക്ഷയ്ക്കായി മിന്നൽ പരിശോധന:കണ്ടത് വൃത്തിയില്ലായ്മയും പഴകിയ എണ്ണയും

കൊട്ടാരക്കര :ഭക്ഷണസാധനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്താനും ഗുണനിലവാരം ഉറപ്പാക്കാനും നഗരത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ മിന്നൽപരിശോധന. ഉപയോഗിച്ചു പഴകിയ എണ്ണയും വൃത്തിയില്ലായ്മയും പഴകിയ ഭക്ഷണസാധനങ്ങളും കണ്ടെത്തിയ കടകൾക്ക് നോട്ടീസ് നൽകി. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ചിരുന്ന ഒൻപതു കടകൾ പൂട്ടി. പഴകിയ 20 ലിറ്റർ എണ്ണ പിടികൂടി. ഒട്ടേറെ സ്ഥാപനങ്ങൾക്ക് പിഴയിടാൻ നോട്ടീസ് നൽകി.
ബുധനാഴ്ച വൈകീട്ട് ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നു. പലതവണ ഉപയോഗിച്ച് കരിഓയിലിനു സമമായ എണ്ണ കണ്ടെത്തിയത് മൈലത്തെ ഭക്ഷണശാലയിൽനിന്നാണ്. വൃത്തിയുള്ള വസ്ത്രം ധരിക്കാതെയും കൈകളിൽ ഗ്ലൗസ് ധരിക്കാതെയും ജീവനക്കാർ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും തുരുമ്പിച്ചതും വൃത്തിയില്ലാത്തതുമായ പാത്രങ്ങൾ ഉപയോഗിക്കുന്നതും കണ്ടെത്തി. മിക്ക സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ഡിസ്‌പ്ലേ ബോർഡ് ഉണ്ടായിരുന്നില്ല. പുറമേ വർണവിളക്കുകളും തിളങ്ങുന്ന ബോർഡുകളും സ്ഥാപിച്ച് ആളുകളെ ആകർഷിക്കുന്ന പല ഭക്ഷണശാലകളുടെയും അടുക്കളകൾ വൃത്തിഹീനമായിരുന്നു.
ഭക്ഷ്യസുരക്ഷാ ജോയിന്റ് കമ്മിഷണർ എസ്.അജി, അസിസ്റ്റന്റ് കമ്മിഷണർ എ.സക്കീർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ ആറു സംഘങ്ങളായി തിരിഞ്ഞ് തട്ടുകടകളിലും ഹോട്ടലുകളിലുമായിരുന്നു പ്രധാനമായും പരിശോധന.
പുലമൺ, ചന്തമുക്ക്, കരിക്കം, മൈലം, കോട്ടപ്പുറം, െറയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലെല്ലാം ഒരേസമയമായിരുന്നു പരിശോധന. ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസർമാരും നോഡൽ ഓഫീസർമാരും ജീവനക്കാരും പരിശോധനയിൽ പങ്കെടുത്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
താങ്ങാനാകാത്ത വിലവർധന
:മായം മാത്രമല്ല ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണമില്ലാത്ത വിലവർധനയും കൊട്ടാരക്കരയിൽ ജനങ്ങളെ വലയ്ക്കുന്നു. ചായമുതൽ ഊണിനും ബിരിയാണിക്കും വരെ തോന്നുംപടിയാണ് വില. ഒരു ഏകീകരണവുമില്ലാത്ത രീതിയിലാണ് വില. ചായയ്ക്ക് പന്ത്രണ്ടുമുതൽ 20 വരെയായി വില. വെജിറ്റേറിയൻ ഊണിന്റെ വില നൂറുമുതൽ 150 രൂപവരെ. ബിരിയാണിക്ക് 130 മുതൽ 240 രൂപവരെ ഈടാക്കുന്നു. പലഹാരങ്ങൾക്കും വിഭവങ്ങൾക്കുമെല്ലാം ഓരോ കടയിലും ഓരോ വിലയാണ്. ഇതുസംബന്ധിച്ച് ഒരു പരിശോധനയും നടക്കുന്നില്ല. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിലവർധന തടയാനും വില ഏകീകരിക്കാനും നടപടി വേണമെന്ന് ആവശ്യമുയരുന്നു.