അഞ്ചൽ ഗ്രാമപ്പഞ്ചായത്ത്കാര്യാലയമാറ്റം വൈകുന്നു

മാറ്റേണ്ടത് സിവിൽ സ്റ്റേഷൻ പരിസരത്തേക്ക്
അഞ്ചൽ :അഞ്ചൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയം മാറ്റിസ്ഥാപിക്കാനുള്ള നടപടി വൈകുന്നു. ആർ.ഒ. ജങ്ഷനിലുള്ള കാര്യാലയം മാർക്കറ്റ് ജങ്ഷനിലെ സിവിൽ സ്റ്റേഷൻ പരിസരത്ത് ആധുനിക സൗകര്യങ്ങളോടെ നിർമിക്കാനായിരുന്നു തീരുമാനം. ഇതിനായി 12 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും അംഗീകാരം ലഭിക്കുകയും ചെയ്തു. എങ്കിലും ഇതുവരെ പുതിയ കെട്ടിടത്തിന്റെ നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
അഞ്ചൽ ഗ്രാമപ്പഞ്ചായത്തിന്റെ മാർക്കറ്റ് ജങ്ഷനിലെ ഒരേക്കർ ഭൂമിയിൽ 60 സെന്റിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. ബാക്കി 40 സെന്റ് ഗ്രാമപ്പഞ്ചായത്ത് കാര്യാലയം നിർമിക്കാൻ ഉപയോഗിക്കാം. ആർ.ഒ. ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗ്രാമപ്പഞ്ചായത്ത് കാര്യാലയം അവിടെനിന്ന് മാറ്റുന്നതോടെ ആ സ്ഥലം ഗവൺമെന്റ് ആശുപത്രിയുടെ വികസനത്തിനോ മറ്റോ ഉപയോഗിക്കാൻ കഴിയും.
ഒരു സൗകര്യവും ഇല്ലാതെയാണ് നിലവിലെ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. ഓഫീസിലെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനും ഇടമില്ല. സബ് ട്രഷറി, കൃഷിഭവൻ, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, റീ സർവേ ഓഫീസ്, സെയിൽ സ് ടാക്സ് ഓഫീസ്, പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗങ്ങൾ, അക്ഷയകേന്ദ്രം ഉൾപ്പെടെയുള്ളവയാണ് മിനി സിവിൽ സ്റ്റേഷനിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസുകൂടി എത്തുന്നതോടെ മറ്റ് ഓഫീസുകളും ഇവിടേക്ക് കൊണ്ടുവരാൻ കഴിയും.
എല്ലാ നിർമാണപ്രവർത്തനങ്ങളും വേഗം പൂർത്തീകരിക്കാൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ യോഗം തീരുമാനിച്ചുവെങ്കിലും ഇതുവരെ പ്രവൃത്തികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.