ശബരിമല തീർഥാടനം: പുനലൂരിൽ അപകടമേഖലകൾ അടയാളപ്പെടുത്തണം-സുരേഷ് ഗോപി

കൊല്ലം : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പുനലൂർ മേഖലയിലെ പുഴകളിലും തോടുകളിലും അപകടസാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി അടയാളപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർദേശിച്ചു. അപകടകരമായ കടവുകളിൽ തീർഥാടകർ ഇറങ്ങുന്നത് തടയുകയും സുരക്ഷിതമായ സ്നാനസ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം. തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് നിർദേശം.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പരിശോധന പൂർത്തിയാക്കിയശേഷമാണ് മന്ത്രി കൊല്ലത്തെത്തിയത്. പുനലൂർ മേഖലയിലെ പുഴക്കടവുകളുടെ സുരക്ഷ, റെയിൽവേ സ്റ്റേഷനിലെ സൗകര്യങ്ങൾ, അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ നവീകരണം എന്നിവ ചർച്ചയായി. അച്ചൻകോവിൽ മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും നിർദേശിച്ചു.

അച്ചൻകോവിൽമുതൽ അലിമുക്കുവരെയുള്ള റോഡിന്റെ നവീകരണവും പൂർത്തിയാക്കും.തീർഥാടകർക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാപരിശോധനകളും ആവശ്യമാണ്. പുനലൂർ റെയിൽവേ സ്റ്റേഷനിൽ തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

അച്ചൻകോവിൽ ക്ഷേത്രംമുതൽ കേരള–തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുവരെയുള്ള 27 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർഥാടനകാലത്തിനുമുൻപ്‌ പൂർത്തിയാക്കണമെന്നും നിർദേശമുയർന്നു. തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്ത് പുനലൂർ മേഖലയിലെ അപകടഭീഷണിയുയർത്തിയ 57 മരങ്ങൾ മുറിച്ചുമാറ്റിയതായി കളക്ടർ ആനി ജൂലാ തോമസ് അറിയിച്ചു.

സുരക്ഷ ഉറപ്പാക്കി നിർമാണം മുന്നോട്ടുകൊണ്ടുപോകും

കൊല്ലം റെയിൽവേ സ്റ്റേഷനിലെ പുനർവികസന പ്രവർത്തനങ്ങൾ വിവിധ മേഖലകളിലായി വ്യത്യസ്ത പുരോഗതിയിലാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ചില മേഖലകളിൽ 71, 82 ശതമാനം പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ മറ്റൊരിടത്ത് 18 ശതമാനമാണ് പുരോഗതി.

യാത്രക്കാർക്ക് സുരക്ഷിതമായി ഉപയോഗിക്കാനാകുന്നവിധത്തിൽ നിർമാണം പൂർത്തിയാക്കിയശേഷമേ ഓരോ മേഖലയും തുറന്നുകൊടുക്കൂ. സുരക്ഷ ഉറപ്പാക്കി ഘട്ടംഘട്ടമായി നിർമാണം മുന്നോട്ടുകൊണ്ടുപോകുന്നതാണ് പ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണം പുരോഗമിക്കുന്ന രണ്ടാംകവാടവും സന്ദർശിച്ചശേഷമായിരുന്നു മന്ത്രി മടങ്ങിയത്.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്, കേണൽ എസ്. ബിന്നി, ഡി.ആർ.എം. ദിവ്യകാന്ത് ചന്ദ്രക്കർ, കളക്ടർ ആനി ജൂലാതോമസ്, ആർ.ടി.ഒ. സതേൺ റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.