കൊറ്റുകുളങ്ങര-കാവനാട് റീച്ചിൽ ദേശീയപാത നിർമാണം നിലച്ചു

ഗതാഗതക്കുരുക്ക് രൂക്ഷം
നിർണായകയോഗം ഇന്ന്
കരുനാഗപ്പള്ളി : കായംകുളം കൊറ്റുകുളങ്ങരമുതൽ കാവനാടുവരെ നീളുന്ന റീച്ചിൽ ദേശീയപാത നിർമാണം നിലച്ചതോടെ ഇതുവഴിയുള്ള വാഹനഗതാഗതവും ദുരിതത്തിലായി. വിശ്വസമുദ്ര കമ്പനിയാണ് ഈ റീച്ചിൽ നിർമാണം നടത്തുന്നത്. 78 ശതമാനത്തിലധികം ജോലികൾ പൂർത്തിയാക്കിയെന്നാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ പാതനിർമാണം മാത്രമുള്ള പലയിടത്തും ടാർ ചെയ്യേണ്ട ജോലികൾ ശേഷിക്കുന്നുണ്ട്. മേൽപ്പാലത്തിന്റെയും അടിപ്പാതയുടെയും നിർമാണമാണ് ഏറെയും പൂർത്തിയാകേണ്ടത്. പാലങ്ങൾ നിർമിക്കുന്ന ഭാഗങ്ങളിൽ ദേശീയപാതയുടെ ഇരുവശത്തുമായി ഇടുങ്ങിയ സ്ഥലത്തുകൂടിയാണ് വാഹനങ്ങൾ പോകുന്നത്.
ദേശീയപാതയിൽ ഇത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിവെക്കുകയാണ്. നഗരം കടക്കാൻ പലപ്പോഴും മണിക്കൂറുകൾ വേണം. ഈ റീച്ചിൽ ഏറ്റവും നീളമുള്ള മേൽപ്പാലം നിർമിക്കുന്നത് കരുനാഗപ്പള്ളി നഗരത്തിലാണ്. ഒന്നരക്കിലോമീറ്ററോളമാണ് ഈ പാലത്തിന്റെ നീളം. മേൽപ്പാലത്തിന്റെ ഇരുവശത്തും വലിയ തകരഷീറ്റുകൾകൊണ്ട് മറച്ചിരിക്കുകയാണ്. ഇതിനു പുറത്തുള്ള ഇടുങ്ങിയ റോഡിലൂടെയാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. കാൽനടയാത്രയ്‌ക്കും മറ്റു മാർഗമില്ല.
നിർമാണപ്രവൃത്തികൾ പൂർണമായും നിലച്ചിട്ട് ആഴ്ചകളായി. എലിവേറ്റഡ് ഹൈവേകളും അടിപ്പാതയും മറ്റും പുതുതായി വന്നതാണ് പ്രതിസന്ധിക്കു കാരണമായി ദേശീയപാത നിർമാണ കമ്പനി അധികൃതർ നൽകുന്ന സൂചന. ഈ പ്രവൃത്തികൾകൂടി പൂർത്തീകരിക്കാൻ 300 കോടിയോളം രൂപയുടെ അധികതുക വേണ്ടിവരും. ഡിസംബർ 31-നുമുൻപ് നിർമാണം പൂർത്തിയാക്കണമെന്നാണ് എൻ.എച്ച്.എ.ഐ. നിർദേശിച്ചത്. എന്നാൽ അധികപ്രവൃത്തികൾകൂടി വേണ്ടിവരുന്നതിനാൽ അധികമായി ഫണ്ടും സമയവും അനുവദിക്കണമെന്നു കാട്ടി നിർമാണ കമ്പനി എൻ.എച്ച്.എ.ഐ.ക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനമുണ്ടായിട്ടില്ല.
ചൊവ്വാഴ്ച ചേരുന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും തുടർന്നുള്ള നിർമാണപ്രവൃത്തികൾ. എന്നാൽ വിശ്വസമുദ്ര കമ്പനിക്കുതന്നെ കരാർ നീട്ടിനൽകുമോയെന്നതിൽ ആശങ്കയുണ്ട്.
അധികമായി വേണ്ടത് 7.5 കിലോമീറ്റർകൂടി
:കൊറ്റുകുളങ്ങരയ്ക്കും കാവനാടിനുമിടയിൽ പുതുതായി നിർമാണപ്രവൃത്തികൾ കൂട്ടിച്ചേർത്തതോടെ 7.5 കിലോമീറ്ററിലാണ് അധികമായി പാലങ്ങളും മറ്റും നിർമിക്കേണ്ടിവരിക. നീണ്ടകരയിലും ചവറയിലും പുതിയ പാലത്തിന്റെ നീളം കൂട്ടുക, ചവറ കെ.എം.എം.എലിനോടു ചേർന്ന ഉയരപ്പാതയ്ക്ക് അധികമായി സ്പാനുകൾ നിർമിക്കുക, കരുനാഗപ്പള്ളി നഗരത്തിലെ ഉയരപ്പാത താലൂക്ക് ആശുപത്രി ജങ്ഷൻവരെ നീട്ടുക, ഓച്ചിറയിൽ ഉയരപ്പാത രണ്ടുവശത്തേക്കും നാല് സ്പാനുകൾവീതം നിർമിച്ച് നീളം കൂട്ടുക, കായംകുളത്ത് എട്ട് സ്പാനുകൾ അധികമായി നിർമിച്ച് നീളം കൂട്ടുക, നീണ്ടകര സെയ്ന്റ് ആൻഡ്രൂസ് പള്ളി, ഫൗണ്ടേഷൻ ആശുപത്രി, കരുനാഗപ്പള്ളി ആശുപത്രി ജങ്ഷനും ഹൈസ്‌കൂൾ ജങ്ഷനും മധ്യേ, ഓച്ചിറ എന്നിവിടങ്ങളിലായി നാല് അടിപ്പാതകളും അധികമായി നിർമിക്കുക എന്നിവയാണ് പ്രവൃത്തികൾ.
2022 നവംബറിലാണ് ദേശീയപാത നിർമാണം തുടങ്ങിയത്. 1,580 കോടി രൂപയായിരുന്നു കരാർ തുക. പിന്നീട് 300 കോടിയുടെ നിർമാണംകൂടി കൂട്ടിച്ചേർത്തു. ഇതിനു പുറേമയാണ് പുതിയ പ്രവൃത്തികൾ വേണ്ടിവരുന്നത്.