മീയണ്ണൂരിൽ മാലിന്യശേഖരണകേന്ദ്രം കത്തിനശിച്ചു

ഓയൂർ : പൂയപ്പള്ളി മീയണ്ണൂർ മാക്കോട് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ശേഖരണകേന്ദ്രം കത്തിനശിച്ചു. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ജില്ലാ ഗോഡൗണാണ് നശിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോ​െടയായിരുന്നു സംഭവം. പ്രവർത്തനം നിലച്ച കശുവണ്ടി ഫാക്ടറി കെട്ടിടം ഗോഡൗണായി പ്രവർത്തിച്ചുവരികയായിരുന്നു. സംഭവമറിഞ്ഞ് പൂയപ്പള്ളി പോലീസ് സ്ഥലത്തെത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് കുണ്ടറ, കൊട്ടാരക്കര എന്നിവിടങ്ങളിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തി രാവിലെ ആറുമണിയോടെ തീ പൂർണമായും കെടുത്തി. ആളപായമില്ല.

ജില്ലയിലെ പഞ്ചായത്തുകളിൽനിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇവിടെ കൊണ്ടുവന്ന് വൃത്തിയാക്കി തരംതിരിച്ച് സൂക്ഷിക്കുന്നതിനാണ് ഗോഡൗൺ ഉപയോഗിച്ചിരുന്നത്. കഴിഞ്ഞദിവസം വോൾട്ടേജ് പ്രശ്നം ഉണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു. വൈദ്യുത ഷോട്‌ സർക്കിറ്റാകാം തീപ്പിടിത്തകാരണമെന്നാണ് പോലീസിന്റെ നിഗമനം.