കൊല്ലത്തുനിന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ തുടങ്ങും-ബിന്ദു കൃഷ്ണ

കൊല്ലം : കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽനിന്ന് ഇതര സംസ്ഥാന സർവീസുകളടക്കം കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ. കൊല്ലത്തുനിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.സൂപ്പർ ഫാസ്റ്റ് ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി.
എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗപ്പെടുത്തി കൊല്ലം ഡിപ്പോയിലേക്ക് ബസ് വാങ്ങി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കുരുവിള ജോസഫ് അധ്യക്ഷത വഹിച്ചു.
കെ.എസ്.ആർ.ടി.സി.അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ ബി. അജിത് കുമാർ, ഡിപ്പോ എൻജിനിയർ വി.വി. ഷാജു, കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി, കൊല്ലം രൂപത പ്രൊക്യുറേറ്റർ ഫാ. ജോളി എബ്രഹാം, ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ജീവനക്കാർ, യാത്രക്കാർ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.15-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 6.05-ന് വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയിൽനിന്ന് ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് മൂന്നിനു പുറപ്പെട്ട് പിറ്റേന്ന് രാവിലെ ഏഴിന് കൊല്ലത്തെത്തും. തിരുവനന്തപുരം, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. നാഗപട്ടണത്ത് സ്റ്റോപ്പുള്ളതിനാൽ നാഗൂർ ദർഗയിലേക്ക് പോകുന്നവർക്കും ബസ് സർവീസ് സഹായകമാകും. 616 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ ബുക്കിങ്ങിന് 10 രൂപ സർവീസ് ചാർജ്കൂടി നൽകണം.