കുന്നത്തൂർ പാലത്തിന്റെ കൈവരിയിൽ ഇരുമ്പുവല സ്ഥാപിക്കുന്നു

ശാസ്താംകോട്ട : കല്ലടയാറ്റിലേക്ക് വീണും ചാടിയുമുള്ള മരണങ്ങൾ വർധിക്കുന്നത് പതിവായതോടെ കുന്നത്തൂർ പാലത്തിന്റെ വശങ്ങളിലെ കൈവരികളിൽ ഇരുമ്പ് വലകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ തുടങ്ങി. ഉല്ലാസ് കോവൂർ എം.എൽ.എ.യുടെ ശക്തമായ ഇടപെടലാണ് ഫലം കണ്ടത്. പി.ഡബ്ല്യു.ഡി. കൊട്ടാരക്കര സെക്ഷൻ പാലം വിഭാഗമാണ് 14 ലക്ഷം രൂപ ചെലവിൽ സംരക്ഷണവല പിടിപ്പിക്കുന്നത്. ഇരുവശങ്ങളിലും 150 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ പൊക്കത്തിലാണ് കമ്പികൾ നാട്ടി അതിൽ ഇരുമ്പ് വലകൾ ഘടിപ്പിച്ച് സുരക്ഷിതമാക്കുന്നത്. കുന്നത്തൂർ താലൂക്ക് വികസനസമിതിയിലുണ്ടായ തീരുമാനവും തുണയായി.
പാലത്തിൽ അപകടവും ആത്മഹത്യയും വർധിക്കുന്ന സാഹചര്യത്തിൽ ഇരുമ്പുവല സ്ഥാപിച്ച് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്ന് ഏറെക്കാലമായി നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. വല സ്ഥാപിക്കുന്നതോടെ ആറ്റിലേക്ക് മാലിന്യം തള്ളുന്നതിനും ശാശ്വതപരിഹാരമാകും.
മരണമുനമ്പാണെന്ന ആക്ഷേപത്തിന് പരിഹാരം
:പാലം മരണമുനമ്പാണെന്നാണ് നാട്ടുകാരുൾപ്പെടെ ഉന്നയിക്കുന്ന ആക്ഷേപം. ഏറ്റവും തിരക്കുള്ള ഭരണിക്കാവ്-കൊട്ടാരക്കര പാതയിൽ കല്ലടയാറിന് കുറുകേയാണ് പാലം. പൊക്കംകുറഞ്ഞ കൈവരികളാണ് ഇരുവശത്തുമുള്ളത്. അതായത് താഴെനിന്നു ആയാസമില്ലാതെ പാലത്തിന്റെ കൈവരികളിലേക്ക് കയറാം. പാലം കാണാൻ വരുന്നവർ കൈവരിയിൽ ചാരി വശത്തേക്ക് തിരിഞ്ഞാൽ ആറ്റിൽ വീഴുന്ന സ്ഥിതിയാണ്.
ഇരുവശവും ഏറെ ആഴംകൂടിയതുമാണ്. എപ്പോഴും ശക്തമായ ഒഴുക്കുമാണ്. ആറ്റിൽ വീണാൽ കിലോമീറ്റർ അകലെനിന്നു മാത്രമേ ആളെ കണ്ടെത്താൻ കഴിയൂ. പലരേയും നാട്ടുകാർ രക്ഷപ്പെടുത്തുന്നതും സ്ഥിരം കാഴ്ചയാണ്. ഒരുമാസത്തിൽ ഒരാളെങ്കിലും വീണ് മരിക്കുന്നുണ്ട്. വല സ്ഥാപിച്ച് സുരക്ഷിതമാക്കുന്നതോടെ ആറ്റിൽച്ചാടിയുള്ള മരണങ്ങൾക്ക് തടവീഴുമെന്നാണ് പ്രതീക്ഷ.