തുമ്പറ ചന്ത ഉദ്ഘാടനത്തിലൊതുങ്ങി ; ഒരുവർഷം കഴിഞ്ഞിട്ടും തുറക്കാൻ നടപടിയില്ല

കൊല്ലം :കോർപ്പറേഷനിലെ ഉദയമാർത്താണ്ഡപുരം ഡിവിഷനിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച തുമ്പറ മാർക്കറ്റ് ഉദ്ഘാടനത്തിലൊതുങ്ങി. നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറികൾ, മത്സ്യം തുടങ്ങിയവയ്ക്കായി പ്രദേശവാസികൾ ആശ്രയിച്ചിരുന്നത് ഈ ചന്തയെയാണ്. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും മാർക്കറ്റ് തുറന്നുപ്രവർത്തിക്കാൻ നടപടിയായില്ല. തുമ്പറ വ്യാപാരകേന്ദ്രത്തിനു പിന്നിലായി 16.5 സെന്റിൽ കോർപ്പറേഷന്റെ തനതു ഫണ്ട് 75 ലക്ഷം ഉപയോഗിച്ചാണ് ആധുനികരീതിയിൽ മാർക്കറ്റ് നിർമിച്ചത്. കടകൾ, പച്ചക്കറി, മത്സ്യ-മാംസ വിൽപ്പനയ്ക്കായുള്ള ഷെഡുകൾ, വിശ്രമകേന്ദ്രം, ശൗചാലയം, മാലിന്യസംസ്‌കരണസംവിധാനം, കിണർ, വാഹന പാർക്കിങ് ഉൾ​െപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

എല്ലാസൗകര്യവും സജ്ജമാക്കി 2025 നവംബർ മൂന്നിന് കെട്ടിടം ഉദ്ഘാടനവും ചെയ്തു. നിലവിൽ വർഷങ്ങൾ പഴക്കമുള്ള പഴയ മാർക്കറ്റിലാണ് വ്യാപാരികൾ കച്ചവടം നടത്തുന്നത്. ഇതിന്റെ തറപോലും കോൺക്രീറ്റ് ചെയ്തിരുന്നില്ല. തൂണുകളിൽ മേൽക്കൂരയ്ക്ക് ഷീറ്റുമാത്രം ഉപയോഗിച്ചുള്ളതാണിത്. മഴപെയ്താൽ വെള്ളം അകത്തേക്കു കയറും. 25 മത്സ്യക്കച്ചവടക്കാരുണ്ടായിരുന്നിടത്ത് നിലവിൽ മൂന്നു സ്ത്രീകൾമാത്രമാണ് കച്ചവടം ചെയ്യുന്നത്. ഇവർക്കായി ശൗചാലയംപോലുമില്ല. കച്ചവടക്കാരിൽനിന്ന് വാടക ഈടാക്കുന്നുമുണ്ട്. രാവിലെ എത്തിയാൽ ഉച്ചവരെയാണ് കച്ചവടം. മാർക്കറ്റിന്റെ അവസ്ഥ ശോച്യമായതോടെ മിക്ക കച്ചവടക്കാരും സൗകര്യമുള്ള മറ്റിടങ്ങളിലേക്കു പോയി. ഒട്ടേറെ കടകൾ പ്രവർത്തിച്ചിരുന്നിടത്ത് ഇപ്പോൾ ഒരു ബീഫ് സ്റ്റാളും ഒരു പലചരക്കുകടയുംമാത്രമാണ് പ്രവർത്തിക്കുന്നത്. മുൻപ് രാത്രി വൈകിയും കടകൾ പ്രവർത്തിച്ചിരുന്നു. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ ഇപ്പോൾ അതുമില്ല. കൗൺസിലറും മേയറും ഉൾ​െപ്പടെയുള്ളവരെ പരാതി അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.

മാർക്കറ്റ് പ്രവർത്തിപ്പിക്കാൻ നടപടി വേണം

:തുമ്പറ മാർക്കറ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി വേണമെന്ന് മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡം റെസി​െഡന്റ്‌സ്‌ വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. മാർക്കറ്റ് താത്കാലിക ഷെഡ്ഡിലാണ് പ്രവർത്തിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷമായിട്ടും മാർക്കറ്റ് തുറക്കാത്തത് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് എ.​െജ.ഡിക്രൂസ്, ജനറൽ സെക്രട്ടറി എൽ.ബാബു എന്നിവർ പറഞ്ഞു.