പത്തനാപുരത്ത് അയ്യപ്പഭക്തർക്ക്ദുരിതം; മികച്ച ഇടത്താവളം സ്വപ്നം

പത്തനാപുരം :മണ്ഡലകാലത്ത് ശബരിമല തീർഥാടകർക്കായി പത്തനാപുരത്ത് മികച്ച സൗകര്യങ്ങളോടുകൂടിയ ഒരു ഇടത്താവളം വേണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇക്കുറിയും യാഥാർഥ്യമായില്ല.

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ പത്തനാപുരംവഴി ദിവസവും നൂറുകണക്കിന്‌ അയ്യപ്പഭക്തരാണ് കടന്നുപോകുന്നത്. ഏറെയും മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ എത്തുന്ന ഭക്തർ. അവർക്ക് വിരി​െവച്ച് വിശ്രമിക്കാനും ഭക്ഷണം പാകംചെയ്യാനും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനും ആവശ്യമായ സൗകര്യങ്ങളുള്ള ഒരു സ്ഥിരം ഇടത്താവളം ഒരുക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

പത്തനാപുരം ചന്തയിലെ മത്സ്യമാർക്കറ്റിനു മുകളിലാണ് നിലവിൽ ഇടത്താവളം എന്നപേരിൽ ഒരു സംവിധാനം പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. എന്നാൽ വൃത്തിഹീനമായ സാഹചര്യവും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും കാരണം അയ്യപ്പഭക്തർക്ക് ഈ കേന്ദ്രം എത്രത്തോളം പ്രയോജനപ്പെടുമെന്ന ചോദ്യം ഉയരുകയാണ്. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യം മുന്നിൽക്കണ്ട് പേരിനുമാത്രം ഒരു ഇടത്താവളം ഒരുക്കിയെന്ന വിമർശനവും ഭക്തർക്കുണ്ട്.

തൊട്ടടുത്ത കെ.എസ്.ആർ.ടി.സി.ഗാരേജിലെയും ചന്തയി​ലെയും അറപ്പുളവാക്കുന്ന മാലിന്യത്തിനു നടുവിലൂടെ ഇടത്താവളമെന്ന പ്രഹസനത്തിലെത്താൻ ആരും തയ്യാറാകില്ല.

മാത്രമല്ല പ്രധാന പാതയിൽനിന്ന്‌ അകലെയുള്ള ഇടത്താവളത്തിലെത്താനും വാഹനങ്ങൾ നിർത്തിയിടാനും മതിയായ സൗകര്യവുമില്ല. പാതയിലൊരിടത്തും ഇടത്താവളമുണ്ടെന്ന സൂചനാബോർഡുപോലും സ്ഥാപിച്ചിട്ടില്ലാത്തതിനാൽ ആരും എത്താനും ഇടയില്ല.

ദീർഘദൂരം യാത്രചെയ്ത് പത്തനാപുരത്തെത്തുന്ന അയ്യപ്പഭക്തർക്ക് വിശ്രമിക്കാനും ശൗചാലയം ഉപയോഗിക്കാനും കുടിവെള്ളം ലഭിക്കാനും സുരക്ഷിതമായി സമയം ചെലവഴിക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളാണു വേണ്ടത്. എന്നാൽ ഇത്രയും വർഷം പിന്നിട്ടിട്ടും ഈ ആവശ്യം പരിഹരിക്കപ്പെടാത്തത് തീർഥാടകരോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്തമാണ്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പത്തനാപുരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് വൃത്തിയുള്ളതും സുരക്ഷിതവും ആധുനിക സൗകര്യങ്ങളുള്ളതുമായ സ്ഥിരം ഇടത്താവളം നിർമിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഓരോ തീർഥാടനകാലത്തും താത്കാലിക സംവിധാനങ്ങൾ ഒരുക്കി ഉത്തരവാദിത്വം അവസാനിപ്പിക്കുന്നതിനുപകരം, അയ്യപ്പഭക്തർക്ക് മാന്യമായ വിശ്രമസൗകര്യം ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം. ശബരിപാതയിൽ പുനലൂർ പിന്നിട്ടാൽ പത്തനാപുരം കല്ലുംകടവുവരെയുള്ള ഭാഗങ്ങളിൽ ഒരിടത്തും അയ്യപ്പഭക്തർക്ക് മതിയായ വിശ്രമകേന്ദ്രങ്ങളില്ല. അപകടം പതിയിരിക്കുന്ന മുക്കടവിലും കടയ്ക്കാമൺ തടി ഡിപ്പോയിലും വൃത്തിഹീനമായ പാതയോരങ്ങളിലും തീർഥാടനകാലത്ത് കുട്ടികൾ ഉൾപ്പെടെയുള്ള ഇതരസംസ്ഥാന തീർഥാടകരെ കാണാം.