‘കടവൂർ-നീരാവിൽ റോഡ്അടച്ചത് പുനഃപരിശോധിക്കണം’

അഞ്ചാലുംമൂട് :കൊല്ലം ബൈപ്പാസിൽ ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കടവൂർ-നീരാവിൽ റോഡ് പൂർണമായി അടച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി.
ആയിരക്കണക്കിന് കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്നതാണ് കടവൂർ-നീരാവിൽ പൊതുമരാമത്ത് റോഡ്. തൃക്കടവൂർ മഹാദേവർക്ഷേത്രം, നീരാവിൽ എസ്.എൻ.ഡി.പി. യോഗം ഹയർ സെക്കൻഡറി സ്കൂൾ, സർക്കാർ എൽ.പി. സ്കൂൾ, സർക്കാർ ആയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, രണ്ടു പട്ടികജാതി ഉന്നതി എന്നിവ റോഡിനു സമീപമുണ്ട്. റോഡ് പൂർണമായി അടച്ചതോടെ പ്രദേശത്തുള്ളവർ കടുത്ത യാത്രാദുരിതത്തിലാണ്.
വിഷയംസംബന്ധിച്ച് ജനകീയ സമരസമിതി പ്രധാനമന്ത്രിക്കും ദേശീയപാത അധികൃതർക്കും കേന്ദ്ര എസ്.സി., എസ്.ടി. കമ്മിഷനും പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കാതെ റോഡടച്ച് ദേശീയപാത നിർമാണം നടത്തുകയായിരുന്നു. ഇതോടെ രണ്ട് ഉന്നതികളിലെ ജനങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള വഴിയടഞ്ഞു. സ്കൂൾ വിദ്യാർഥികൾക്ക് കടുത്ത യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്.
അടിയന്തരമായി റോഡിൽ അനുയോജ്യമായ സ്ഥലത്ത് വാഹനങ്ങൾ പോകാൻ കഴിയുന്ന രീതിയിലുള്ള അടിപ്പാതയോ ബോക്സ് കൾവർട്ടോ നിർമിച്ച് ജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തണമെന്ന് ജനകീയസമരസമിതി കൺവീനർ കെ. ബാബു, ജോയിന്റ് കൺവീനറായ ശിവമണി എന്നിവർ ആവശ്യപ്പെട്ടു.