നവീകരണവും വൃത്തിയാക്കലുമില്ല; കെ.ഐ.പി. കനാലിൽ വെള്ളമെത്തുന്നില്ല

ശാസ്താംകോട്ട : നവീകരണവും വൃത്തിയാക്കുന്ന ജോലികളും നടക്കാതായതോടെ പോരുവഴി ഇടയ്ക്കാട്ടിൽ കെ.ഐ.പി. കനാൽ നാട്ടുകാർക്ക് പ്രയോജനപ്പെടാതെ പോകുന്നു. കനാലുണ്ടെങ്കിലും വെള്ളമൊഴുകാത്ത അവസ്ഥയാണ്.

കഴിഞ്ഞ നാലുവർഷമായി പോരുവഴിയുടെ കിഴക്കൻമേഖലയിലെ കനാലുകളിൽ നവീകരണജോലികൾ നടന്നിട്ടില്ല. ഇവിടെ കനാലുകളെ കെ.ഐ.പി. ഉപേക്ഷിച്ച സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

കനാലുകളിൽ വലിയരീതിയിൽ കാടും വള്ളിപ്പടർപ്പുകളുമായി കിടക്കുകയാണ്. വലിയമരങ്ങളും വളർന്നുനിൽക്കുന്നു. വൃത്തിയാക്കാതായതോടെ മാലിന്യങ്ങളും നിറഞ്ഞു. കനാലാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. അതിനാൽ കനാൽ തുറക്കുമ്പോൾ വെള്ളമൊഴുക്ക് നിലയ്ക്കുകയാണ്. എങ്ങും വെള്ളമെത്താറില്ല.

വേനൽക്കാലത്ത് ജലക്ഷാമം

വേനൽക്കാലത്ത് ഇടയ്ക്കാട്ടിലെ ജനങ്ങൾ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. ശാസ്താംകോട്ട കെ.ഐ.പി. സബ് ഡിവിഷനു കീഴിലുള്ള കടമ്പനാട്-ഇടയ്ക്കാട് മെയിൻ കനാലാണ് പ്രദേശത്തുകൂടി കടന്നുപോകുന്നത്. രണ്ടുമുതൽ അഞ്ചുവരെയുള്ള വാർഡുകൾ ഈ കനാലിന്റെ പരിധിയിലാണ്.

വേനൽക്കാല ആരംഭത്തിൽത്തന്നെ പോരുവഴിയിലെ ഉയർന്നപ്രദേശമായ ഇടയ്ക്കാട്ടിൽ കുടിവെള്ളക്ഷാമം തുടങ്ങും. ഫെബ്രുവരി പകുതിയോടെ കിണറുകൾ വറ്റിത്തുടങ്ങും. പള്ളിക്കലാറ്റിലെ നീരൊഴുക്ക് കുറയുന്നതോടെ ആറിനെ ആശ്രയിച്ച് നിലനിൽക്കുന്ന ബംഗ്ലാവ് വെസ്റ്റ് കുടിവെള്ളപദ്ധതിയിൽനിന്ന് പൊതു പൈപ്പുവഴിയുള്ള ജലവിതരണവും നിലയ്ക്കും. അതോടെ കുടിവെള്ളംമുട്ടുന്ന സ്ഥിതിയാകും. പിന്നെയുള്ള ഏക ആശ്രയം കെ.ഐ.പി. കനാലാണ്.

കനാലിലൂടെ വരുന്ന വെള്ളം ഉറവകളായി കിണറുകളിലെത്തിയാണ് വേനൽക്കാലത്ത് നാട്ടിലെ ജലക്ഷാമം പരിഹരിക്കുന്നത്. കനാൽ വൃത്തിയാക്കാതെ മാലിന്യം നിറഞ്ഞുകിടക്കുന്നതിനാൽ ഒഴുക്ക് തടസ്സപ്പെടുന്നു. കനാൽ തുറന്ന് ആഴ്ചകൾ കഴിയുമ്പോൾ ഇടയ്ക്കാട് ഭാഗത്തേക്ക് ഇത്തിരിവെള്ളം എത്തുന്നതാണ് നിലവിലെ രീതി. കനാലിൽ കെട്ടിക്കിടക്കുന്ന മണ്ണ് നനയാൻ തികയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ സാഹചര്യത്തിൽ വേനൽക്കാലത്തിനുമുൻപ് കനാൽ നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ സീസണിൽ ഇതരസംസ്ഥാന തൊഴിലാളിയെത്തി പുല്ലുചെത്തി തീയിട്ടതാണ് ആകെ നടത്തിയ വൃത്തിയാക്കൽ. കനാലുകളിൽ വളർന്നുനിൽക്കുന്ന കാടുകളിൽ ഇഴജന്തുക്കളും വന്യജീവികളും പെരുകിയത് തീരവാസികൾക്ക് ദുരിതവുമായി. കനാലുകൾ കാട്ടുപന്നികളുടെ ആവാസകേന്ദ്രവുമായി.