കൊട്ടാരക്കരയിൽ ബൈപ്പാസ് അനിവാര്യമെന്ന് ജനാഭിപ്രായം

കൊട്ടാരക്കര : കൊട്ടാരക്കരയിൽ പുലമൺ ബൈപ്പാസ് നിർമാണം അനിവാര്യമാണെങ്കിലും ആശങ്കകളും സംശയങ്ങളും ദൂരീകരിക്കണമെന്ന് ജനാഭിപ്രായം. കെ.എൻ. ബാലഗോപാൽ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും വിവിധ മേഖലകളിലെ പ്രതിനിധികളുടെയും യോഗത്തിലാണ് അഭിപ്രായം ഉയർന്നത്.

ബൈപ്പാസ് നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണത്തിനും തുടർനടപടികൾക്കുമായി എം.എൽ.എ. കൺവീനറായി ജനകീയസമിതി രൂപവത്കരിച്ചു.

നാടിന്റെ ഭാവിയെക്കൂടി കണ്ടുള്ള പദ്ധതിയാണ് ബൈപ്പാസെന്നും രാഷ്ട്രീയകാരണത്താലോ സങ്കുചിതചിന്തയാലോ ബൈപ്പാസിനെ എതിർക്കുകയോ അട്ടിമറിക്കുകയോ ചെയ്യരുതെന്നും ആവശ്യം ഉയർന്നു.

കൊട്ടാരക്കരയുടെ ശാപമായ ഗതാഗതക്കുരുക്കിനു പരിഹാരം ബൈപ്പാസ് മാത്രമാണെന്നും അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കു കീഴ്‌പ്പെടരുതെന്നും കലയപുരം ജോസ് പറഞ്ഞു.

ഭൂമിവില, നീണ്ട മേൽപ്പാത എന്നിവയിൻമേലുള്ള ആശങ്കകൾ ദൂരീകരിച്ച് ബൈപ്പാസ് യാഥാർഥ്യമാക്കണമെന്ന് മുൻ വാട്ടർ അതോറിറ്റി ചീഫ് എൻജിനിയർ കൂടിയായ ജേക്കബ് ചാക്കോ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിനതീതമായി കൊട്ടാരക്കരയുടെ വികസനം ആഗ്രഹിക്കുന്നവരെല്ലാം ബൈപ്പാസിനെ പിന്തുണയ്ക്കണമെന്ന് നാഷണൽ പേട്രിയറ്റ് ഫോറം നേതാവ് കെ.വി. രാജേന്ദ്രൻ പറഞ്ഞു.

പുലമണിൽ മേൽപ്പാലമെന്നത് പ്രായോഗികമല്ലെന്നും ബൈപ്പാസ് മാത്രമാണ് ഏക മാർഗമെന്നും കൊട്ടാരക്കര വികസനസമിതി ഭാരവാഹി ജോസ് ചെമ്പറ്റയിൽ പറഞ്ഞു.

ബൈപ്പാസ് എന്നത് വ്യാപാരികളുടെകൂടി ആവശ്യമാണെന്ന് വ്യാപാരി വ്യവസായി പ്രതിനിധികളായ സി.എസ്. മോഹൻദാസും റജിമോൻ വർഗീസും പറഞ്ഞു. ടി.പി. കുഞ്ഞുമോൻ, സാബു കൊട്ടാരക്കര, കോട്ടാത്തല ശ്രീകുമാർ തുടങ്ങിയവരും ബൈപ്പാസ് കൊട്ടാരക്കരയ്ക്ക് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി.

ഡിസംബർ ഒന്നുമുതൽ ഒപ്പുശേഖരണ പ്രവർത്തനവുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. നഗരസഭാധ്യക്ഷ അനിത ഗോപകുമാർ, ഉപാധ്യക്ഷൻ എ. ഷാജു, വെട്ടിക്കവല ബ്ലോക്ക് പ്രസിഡന്റ് കെ. ബിന്ദുലക്ഷ്മി, വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ദിവ്യ ചന്ദ്രശേഖർ, വി. വിദ്യ, പി. പ്രിയ, എസ്. രേഖ തുടങ്ങിയവർ പങ്കെടുത്തു.