സ്നേഹാലയത്തിലെ അമ്മമാർക്ക് വന്ദേഭാരതിലൊരു സൗഹൃദയാത്ര

കൊല്ലം :വന്ദേഭാരതിന്റെ കൗതുകത്തിൽ ഒരു കൊച്ചി യാത്ര. കൺനിറയെ കണ്ട കടലും കായലും അവർ തൊട്ടറിഞ്ഞു. മനസ്സിൽ നിറയെ സന്തോഷം. പലതും മറന്നവർ ആർത്തുല്ലസിച്ചു. തങ്ങളുടെ ജീവിതസങ്കടങ്ങൾ അപ്പാടെ മറന്നു. ഇഞ്ചവിള സ്നേഹാലയത്തിലെ അമ്മമാർക്ക് ഇത് കേവലമൊരു വിനോദയാത്രയായിരുന്നില്ല, കാലങ്ങളായി മനസ്സിൽ സൂക്ഷിച്ചുവെച്ചിരുന്ന ഒരു വലിയ ആഗ്രഹത്തിന്റെ സാക്ഷാത്കാരവും ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഓർമ്മകളുടെ സമ്മാനവുമായിരുന്നു.
ഓണക്കാലത്ത് സ്നേഹത്തിന്റെയും കരുതലിന്റെയും നിറവിൽ, ഡിസ്ട്രിക്ട് വിമെൻസ് കൗൺസിലും വൈസ് മെൻസ് ഇന്റർനാഷണലും സംയുക്തമായാണ് അമ്മമാർക്കായി കൊച്ചി സൗഹൃദയാത്ര ഒരുക്കിയത്.
മാതൃദിനത്തിലാണ് സ്നേഹാലയത്തിലെ അമ്മമാരുടെ ചെറുതും വലുതുമായ ആഗ്രഹങ്ങൾ സംഘാടകർ അടുത്തറിഞ്ഞത്. അതിന്റെ ഭാഗമായി 'അമ്മമാർക്കൊപ്പം ഒരു പകൽ' എന്ന പേരിൽ നഗരക്കാഴ്ചകൾ കാണാനും സിനിമ ആസ്വദിക്കാനും അവസരമൊരുക്കി. തുടർന്ന് ആരാധനാലയങ്ങൾ സന്ദർശിക്കണമെന്ന അവരുടെ ആഗ്രഹവും സഫലമാക്കിയിരുന്നു.
സ്നേഹയാത്രയുടെ മൂന്നാംഘട്ടമായാണ് അവരുടെ വലിയൊരു സ്വപ്നമായ വന്ദേഭാരതിലെ യാത്രയും കൊച്ചി സന്ദർശനവും യാഥാർഥ്യമാക്കിയത്. തിങ്കളാഴ്ച പുലർച്ചെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്ട് വിമെൻസ് കൗൺസിൽ അധ്യക്ഷയായ കളക്ടർ ആനി ജൂലാ തോമസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
കൊച്ചി വാട്ടർ മെട്രോയിൽ രണ്ടു മണിക്കൂർ നീണ്ട ക്രൂയിസ് യാത്ര. കായൽക്കാറ്റും കൊച്ചിയുടെ മനോഹരകാഴ്ചകളും അവർ ആസ്വദിച്ചു. പിന്നാലെ വല്ലാർപാടം ബസിലിക്ക സന്ദർശനം. യാത്രയിലെ ഏറ്റവും ഹൃദയസ്പർശിയായ അനുഭവം മറ്റൊന്നായിരുന്നു. കൊച്ചിയിലെ സ്നേഹാലയത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച. പരസ്പരം കെട്ടിപ്പുണർന്ന് ജീവിതാനുഭവങ്ങളും വിശേഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചു. ആ നിമിഷങ്ങൾ എല്ലാവരുടെയും ഹൃദയത്തിൽ മായാത്ത ഓർമ്മയായി. പുതിയൊരു ലോകത്തിന്റെ ഓർമ്മകളുമായി തിരിച്ച് വന്ദേഭാരതിൽത്തന്നെ കൊല്ലത്തേക്ക് മടക്കം. ഒരു യാത്രയുടെ സന്തോഷത്തിനപ്പുറം, ''നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളെ സ്നേഹിക്കാനും നിങ്ങളുടെ ആഗ്രഹങ്ങൾ കേൾക്കാനും ഒപ്പമുണ്ടാകാനും ഒരു സമൂഹമുണ്ട്'' എന്ന വലിയ സന്ദേശംകൂടിയാണ് ഈ യാത്ര സമ്മാനിച്ചതെന്ന് വിമെൻസ് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.
വൈസ് പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, സെക്രട്ടറി ജയശ്രീ രാജീവ്, ഗീതാ സഖറിയ, ബീനാ മാർട്ടിൻ, ആശാ ദുലാരി, വൈസ് മെൻസ് ഇന്റർനാഷണൽ ഭാരവാഹികളായ ജയകുമാർ, ഓസ്റ്റിൻ ബെന്നൻ എന്നിവർ യാത്രയ്ക്കു നേതൃത്വം നൽകി.