നഴ്‌സറി-അങ്കണവാടി കുട്ടികൾക്കായി 'വർണോത്സവം' സംഘടിപ്പിച്ചു

കൊല്ലം : ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ സർഗാത്മകവേദികൾ തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് സബ് കളക്ടർ ഡോ. എസ്. മോഹനപ്രിയ. ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നഴ്‌സറി-അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സബ് കളക്ടർ. ചിത്രരചന, പ്രസംഗം, കഥപറച്ചിൽ, ആംഗ്യപ്പാട്ട്, പ്രച്ഛന്നവേഷം, പ്രശ്‌നോത്തരി, ചലച്ചിത്രഗാനാലാപനം തുടങ്ങി വിവിധ മത്സരങ്ങളിലായി അറുനൂറോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയർപേഴ്‌സൺ ഷീബ ആന്റണി അധ്യക്ഷയായി. ശിശുക്ഷേമസമിതി സെക്രട്ടറി ഡി. ഷൈൻ ദേവ്, സംഘാടകസമിതി അംഗങ്ങളായ എൻ. അജിത്പ്രസാദ്, കറവൂർ എൽ. വർഗീസ്, ആർ. മനോജ്, പി. അനീഷ്, സുവർണൻ പരവൂർ, പി.കെ. ഷാജി, ചിത്രകാരൻ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു. വർണോത്സവത്തിന്റെ ഭാഗമായി എൽ.പി. മുതൽ ഹയർ സെക്കൻഡറിവരെയുള്ള വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ കടപ്പാക്കട ടി.കെ.ഡി.എം. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞദിവസങ്ങളിലായി നടന്നിരുന്നു. എല്ലാ മത്സരങ്ങളിലും ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും മെഡലും മെമന്റോയും നവംബർ 14-ന് നടക്കുന്ന ശിശുദിനാഘോഷത്തിന്റെ വേദിയിൽ വിതരണംചെയ്യും.