ദേശീയപാതയിൽ ഗാബിയൻ ഭിത്തികളില്ല

റെയിൽവേയുടെ അനുമതി അനിശ്ചിതമായി വൈകുന്നു

പുനലൂർ : മണ്ഡലകാലം തുടങ്ങാൻ 10 ദിവസം മാത്രം ശേഷിക്കുമ്പോഴും കൊല്ലം-തിരുമംഗലം ദേശീയപാതയിൽ രണ്ടരവർഷംമുൻപ് മണ്ണിടിച്ചിലുണ്ടായ പുനലൂർ വാളക്കോട്ടും തെന്മല ജങ്ഷനിലും ഗാബിയൻ സംരക്ഷണഭിത്തികൾ നിർമിക്കുന്നതിന് നടപടിയില്ല. കരാർ നൽകി മാസങ്ങൾ പിന്നിട്ടിട്ടും പ്രവൃത്തി ആരംഭിക്കാനാവുന്നില്ല. വാളക്കോട്ടെ നിർമാണത്തിന് റെയിൽവേയുടെ നിരാക്ഷേപപത്രം (എൻ.ഒ.സി.) ലഭിക്കുന്നത് അനിശ്ചിതമായി വൈകുന്നതാണ് കാരണം. മണ്ഡലകാലം തുടങ്ങിയാൽ പാതയിൽ ആരംഭിക്കുന്ന അനിയന്ത്രിതമായ ഗതാഗതത്തിരക്കു മൂലം ഇവിടങ്ങളിൽ വൻ അപകടമുണ്ടാകാനുള്ള സാധ്യതയേറുകയാണ്.

വാളക്കോട്ട് 50 മീറ്റർ നീളത്തിലും 12 മീറ്റർ ഉയരത്തിലും തെന്മലയിൽ 40 മീറ്റർ നീളത്തിലും എട്ടുമീറ്റർ ഉയരത്തിലും ഭിത്തി നിർമിക്കാനാണ് പദ്ധതി. ഇതിനായി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ.) അനുവദിച്ച 2.41 കോടി രൂപയ്ക്ക് മാസങ്ങൾക്കുമുൻപ് പത്തനംതിട്ട സ്വദേശിക്ക് നിർമാണക്കരാർ നൽകിയിരുന്നു.

വാളക്കോട്ട് 20 അടിയോളം താഴ്ചയിൽ റെയിൽപ്പാത കടന്നുപോകുന്ന ഭാഗത്താണ് ഭിത്തി നിർമിക്കേണ്ടത്. അതിനാൽ ഇവിടെ നിർമാണം നടത്താൻ ദക്ഷിണ റെയിൽവേയുടെ എൻ.ഒ.സി. ആവശ്യമായിവന്നു. ഇതേത്തുടർന്ന് റെയിൽവേയുടെയും ദേശീയപാതാ വിഭാഗത്തിന്റെയും അധികൃതർ സ്ഥലത്ത് സംയുക്തമായി പരിശോധന നടത്തി. എൻ.ഒ.സി. ആവശ്യപ്പെട്ട് ദേശീയപാതാ അധികൃതർ റെയിൽവേയുടെ മധുര ഡിവിഷനിലേക്ക് കത്തും നൽകി.

എന്നാൽ ഇതുവരെ റെയിൽവേയിൽനിന്ന് പ്രതികരണമുണ്ടായിട്ടില്ല. പലതവണ ഓർമ്മപ്പെടുത്തൽ കത്തയച്ചിട്ടും ഫലമുണ്ടായില്ല. പുനലൂരിലെയും തെന്മലയിലെയും പ്രവൃത്തികൾ ഒന്നിച്ച് ടെൻഡർ ചെയ്തതിനാൽ തെന്മലയിലെ പ്രവൃത്തി മാത്രമായി ആരംഭിക്കാനുമാകുന്നില്ല.

ദുരന്തമൊഴിഞ്ഞത് തലനാരിഴയിടയ്ക്ക്

വാളക്കോട്ട് സെയ്ന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻപള്ളിയുടെ കുരിശടിക്ക് എതിർഭാഗത്ത് 2024 ഓഗസ്റ്റിലാണ് മണ്ണിടിച്ചിൽ തുടങ്ങിയത്. മണ്ണിടിഞ്ഞുണ്ടായ കുഴിയിലേക്ക് ദിവസങ്ങൾക്കുള്ളിൽ കാർ മറിയുകയും ചെയ്തിരുന്നു. ബാരിക്കേഡിൽ തട്ടിനിന്നതിനാലാണ് കാർ റെയിൽപ്പാതയിലേക്ക് വീഴാതിരുന്നത്.

തമിഴ്നാടുൾെപ്പടെ അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കുലോറികളടക്കം നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം ഓടുന്ന പാതയാണിത്. മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങൾ കാടുമൂടിക്കിടക്കുന്നതിനാൽ മണ്ണിടിച്ചിലിനെക്കുറിച്ച് വാഹനമോടിക്കുന്നവർക്ക് അറിയാനാവില്ല. രാത്രികാലങ്ങളിൽ ഇത് വലിയ അപകടത്തിന് വഴിവെക്കും.

മണ്ഡലകാലം തുടങ്ങിയാൽ ഇതരസംസ്ഥാനങ്ങളിൽനിന്നുൾ​െപ്പടെ രാപകൽ ഭേദമില്ലാതെ നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുവരുന്നത്. പ്രവൃത്തി അനിശ്ചിതമായി വൈകിയാൽ നിലവിൽ ഭരണാനുമതി ലഭിച്ച തുകയ്ക്ക് പ്രവൃത്തി പൂർത്തിയാക്കാനാകാതെവരും. ഇത് വീണ്ടും നിർമാണം പ്രതിസന്ധിയിലാക്കും.