കാടുമൂടി ഓയൂരിലെ കെ.ഐ.പി.കനാൽ

ഓയൂർ : കെ.ഐ.പി.കനാലിന്റെ ഓയൂർ മേഖലയിൽ വൻ മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞു. സൂര്യപ്രകാശംപോലും താഴേക്കു പതിക്കാത്ത തരത്തിലാണ് കാടും മരങ്ങളും വളർന്നുനിൽക്കുന്നത്. വട്ട, അക്കേഷ്യ, തേക്ക് എന്നീ മരങ്ങളും തൊടലി, മുൾച്ചെടികൾ എന്നിവയുമാണ് കനാലിൽ നിറഞ്ഞത്.

ഓയൂർ കിഴക്കേ ജങ്ഷനിൽ റോഡിനു കുറു​േകയാണ് കനാൽ കടന്നുപോകുന്നത്. ഇവിടെ റോഡിന് ഇരുവശത്തുമായി 250 മീറ്റർ നീളത്തിൽ കനാലിന് പത്തുമീറ്ററിൽ കൂടുതൽ ആഴമുണ്ട്. ഇത്രയും പൊക്കത്തിലാണ് കാട് വളർന്നുനിൽക്കുന്നതും. കാട്ടുപന്നി, മുള്ളൻപന്നി, വിഷപ്പാമ്പുകൾ തുടങ്ങിയവയുടെ ആവാസസ്ഥലമാണിവിടം. ഇഴജന്തുശല്യം കാരണം പ്രദേശത്ത് താമസിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

അഞ്ചുവർഷമായി കനാലിൽ ശുചീകരണം നടന്നിട്ട്. കൊക്കാട്, നെടുമാൻകോട്, അരിക്കുഴി, ഓട്ടുമല ഭാഗങ്ങളിലേക്ക് ഒട്ടേറെപ്പേർ കാൽനടയായി പോകുന്നത് കനാൽ പാത വഴിയാണ്. സന്ധ്യകഴിഞ്ഞാൽ ഭീതിയോടെയാണ് ഇതുവഴി യാത്രചെയ്യുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.