വാളക്കോട് പാലത്തിന്റെ കൈവരി തകർന്നു

അപകടഭീഷണി ഒഴിയുന്നില്ല

പുനലൂർ : കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഏറ്റവും ഇടുങ്ങിയ പാലമായ പുനലൂർ വാളക്കോട് റെയിൽവേ മേൽപ്പാലത്തിന്റെ കൈവരി തകർന്നു.

തെന്മലയിൽനിന്ന് പുനലൂരിലേക്കുള്ള ദിശയിൽ, വലതുവശത്തെ കൈവരിയാണ് തകർന്നത്. ഇത് വീതികുറഞ്ഞ ഈ പാലത്തിൽ അപകടസാധ്യത വർധിപ്പിക്കുകയാണ്.രാത്രികാലങ്ങളിൽ പൊതുവേ വെളിച്ചം കുറഞ്ഞ ഇവിടെ ചെറിയ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് നിലവിൽ പാലത്തിലെ യാത്ര സാഹസമാകുകയാണ്.

നൂറ്റാണ്ടു പഴക്കമുള്ളതും കഷ്ടിച്ച് 5.5 മീറ്റർ വീതിയുള്ളതുമാണ് പാലം. കുണ്ടുംകുഴിയുമായി തകർന്നുകിടന്ന പാലം രണ്ടാഴ്ചമുൻപാണ് ടാർ ചെയ്തത്. ഇതിനിടെയാണ് കൈവരി തകർന്നത്. ദിവസങ്ങൾ പിന്നിട്ടിട്ടും ഇത് പുനഃസ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ല. മണ്ഡലകാലം ആരംഭിച്ചതോടെ രാപകൽ ഭേദ​െമന്യേ നൂറുകണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്. കൈവരി സമയബദ്ധമായി പുനഃസ്ഥാപിച്ചില്ലെങ്കിൽ വലിയ അപകടത്തിന് സാധ്യതയുണ്ട്.

കൊല്ലം-ചെങ്കോട്ട തീവണ്ടിപ്പാളത്തിനു കുറുകേയുള്ള ഈ പാലത്തോടു ചേർന്ന് പുതിയ പാലം നിർമിക്കാനുള്ള നടപടികൾ നടന്നുവരുന്നതേയുള്ളൂ.

ഇതിനായി ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 9.33 കോടി രൂപ ചെലവഴിച്ച് നിലവിലെ പാലത്തോടു ചേർന്ന് 29.5 മീറ്റർ നീളത്തിലും 8.25 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിക്കുന്നത്. പുതിയ പാലം പൂർത്തിയായാൽ നിലവിലെ പാലംകൂടി പ്രയോജനപ്പെടുത്തി 'ടു വേ' സംവിധാനത്തിലാകും ഇവിടെ ഗതാഗതം.